International

ഉത്തേജക പാക്കേജ് അടങ്കൽ തുക 2.65 ലക്ഷം കോടി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: തൊഴില്‍, കൃഷി, വ്യവസായം, പാര്‍പ്പിട നിര്‍മ്മാണം, കൊവിഡ് വാക്‌സിന്‍ വികസനം തുടങ്ങി വിവിധ മേഖലകള്‍ക്ക് ഉണര്‍വേകാന്‍ 2.65 ലക്ഷം കോടി രൂപയുടെ മൂന്നാം ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ഉള്‍പ്പെടെ 28.9 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ആദ്യമായി വീട് / ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് കിട്ടും. രണ്ട് കോടി രൂപ വരെ വിലയുള്ള വീടുകള്‍ക്കാണ് ഇളവ്. ഇത്തരം വീടുകള്‍ വില്‍ക്കുമ്പോള്‍ ന്യായവിലയും ( മുദ്രവില )​ മാര്‍ക്കറ്റ് വിലയും തമ്മിലുള്ള അന്തരം പത്ത് ശതമാനം വരെയാണെങ്കില്‍ നികുതി ഒഴിവാക്കിയിരുന്നു. ആ പരിധി 20 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതിനായി ആദായനികുതി നിയമം ഭേദഗതി ചെയ്യും. രണ്ട് നടപടികളും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകും. 2021 ജൂണ്‍ 30 വരെയാണ് കാലാവധി.

ഇ.പി.എഫ് ആനുകൂല്യവുമായി റോസ്ഗാര്‍ യോജനയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്ഥാപനങ്ങള്‍ക്ക് ഉണര്‍വേകാന്‍ പുതിയ ജീവനക്കാരുടെ ഇ.പി.എഫ് വിഹിതത്തിന് 2021 ജൂണ്‍ വരെ സബ്സിഡി. ആയിരത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലുടമ-തൊഴിലാളി ഇ.പി.എഫ് വിഹിതമായ 24 ശതമാനവും ആയിരത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളി വിഹിതമായ 12ശതമാനവും സര്‍ക്കാ‌ര്‍ അടയ്ക്കും. പുതിയ തൊഴിലാളികളുടെ ഇ.പി.എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്‌തിരിക്കണം.

എം.എസ്.എം.ഇകള്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക വായ്‌പാ പദ്ധതി (ഇ.സി.എല്‍.ജി.എസ്) 2021 മാര്‍ച്ച്‌ 31വരെ നീട്ടി. കെ.വി. കാമത്ത് കമ്മിറ്റി കണ്ടെത്തിയ 50-500 കോടി കടബാദ്ധ്യതയുളള 26 മേഖലകള്‍ക്കും ആരോഗ്യ, സേവന, ചരക്ക് മേഖലകള്‍ക്കും പുതിയ വായ്പാ പദ്ധതി. ഒരു വര്‍ഷം മോറട്ടോറിയം ഉള്‍പ്പെടെ അഞ്ചു വര്‍ഷം തിരിച്ചടവ് കാലാവധി.

ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് 1.46 ലക്ഷംകോടി രൂപയുടെ പ്രൊഡക്‌ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്. മുന്‍പ് പ്രഖ്യാപിച്ച 51,311 കോടിയും ചേര്‍ത്ത് ആകെ രണ്ടുലക്ഷം കോടി. പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിക്കു കീഴില്‍ നഗരങ്ങളില്‍ പാര്‍പ്പിട നിര്‍മ്മാണത്തിന് 18,000 കോടി. 12ലക്ഷം വീടുകളുടെ നിര്‍മ്മാണം തുടങ്ങാനും 18 ലക്ഷം പൂര്‍ത്തിക്കാനും. 78 ലക്ഷം തൊഴിലും പ്രതീക്ഷിക്കുന്നു. തൊഴിലുറപ്പ് പദ്ധതി അടക്കം ഗ്രാമീണ തൊഴില്‍ വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും 10,000 കോടി രൂപ. കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിനായി കൊവിഡ് സുരക്ഷാ മിഷന് കീഴിലെ ബയോടെക്‌നോളജി വകുപ്പിന് 900 കോടി രൂപ.

Related Articles

Back to top button