India

ജമ്മുവിലെ ഡ്രോൺ ആക്രമണം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : ജമ്മു കശ്മിരീലെ സുരക്ഷാ സജ്ജീകരണങ്ങൾ അവലോകനം ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വെച്ച് നാല് മണിയ്ക്കാകും യോഗം നടക്കുക. ജമ്മുവിലെ വ്യോമ താവളത്തിൽ നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

പ്രധാനമന്ത്രിയുമായി നടക്കുന്ന ചർച്ചയ്ക്ക് മുൻപ് വ്യോമസേന ഉദ്യോഗസ്ഥരും മറ്റ് പ്രതിരോധ ഉദ്യോഗസ്ഥരും ആക്രമണം സംബന്ധിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്നാം ദിവസമാണ് ജമ്മു കശ്മീരിൽ ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ഞായറാഴ്ച വ്യോമ താവളത്തിൽ ആക്രമണം നടത്തിയത്. രണ്ട് ബോംബാക്രമണങ്ങൾ നടത്തിയതിൽ രണ്ട് സൈനികർക്ക് നിസാര പരിക്കേറ്റിരുന്നു.

തുടർന്ന് തിങ്കളാഴ്ച രാത്‌നുചുക്- കലുചുക് സൈനിക താവളങ്ങൾക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ സൈനികർ വെടിയുതിർത്തെങ്കിലും അത് തിരികെ പോയി. ചൊവ്വാഴ്ച പുലർച്ചെയും പ്രദേശത്ത് ഡ്രോൺ കണ്ടെത്തി. കുഞ്ച്വാണിയിലാണ് ഡ്രോണിൻറെ സാന്നിധ്യം കണ്ടെത്തിയത് എന്ന് പ്രദേശവാസികൾ പറയുന്നു.

ജമ്മു കശ്മീരിൽ നിരന്തരമായി ഡ്രോണുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വ്യോമ താവളത്തിൽ സ്‌ഫോടനം നടന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ കേസ് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

Related Articles

Back to top button