Kerala

ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസിൽ മദ്യനിർമാണം നിർത്തിവെച്ചു

“Manju”

തിരുവല്ല; മദ്യ നിർമാണത്തിന് എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ സംഭവം കണ്ടെത്തിയ തിരുവല്ല ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചിരുന്ന സ്പിരിറ്റാണ് കമ്പനിയിലെ ഉന്നതരുടെ ഒത്താശയോടെ മറിച്ചുവിറ്റിരുന്നത്. കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് പുറത്തുവന്നത്. മുമ്പും പല തവണ സ്പിരിറ്റ് മറിച്ചു വിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സ്ഥാപനത്തിലെ ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്പിരിറ്റ് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് തിരുവല്ല ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവച്ചത്. എക്‌സൈസ് വകുപ്പിന് കീഴിൽ നിലവിൽ 10 സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.

സ്ഥാപനത്തിലെ ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി തുടങ്ങിയവരുടെ ഒത്താശയോടെയായിരുന്നു സ്പിരിറ്റ് കടത്ത് നടന്നിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 4 ഉദ്യോഗസ്ഥരും 2 ലോറി ഡ്രൈവർമാരും മധ്യപ്രദേശിൽ വിൽപ്പന നടത്താൻ സഹായിച്ച വ്യക്തിയെയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

സംസ്ഥാനം പുറത്തിറക്കുന്ന ജവാൻ റമ്മിന്റെ നിർമാണമായിരുന്നു ഇവിടെ നടന്നത്. ഇതിനായി കൊണ്ടുവന്ന 1.15 ലക്ഷം സ്പിരിറ്റിൽ നിന്ന് 20386 ലിറ്റർ മറിച്ചുവിൽക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ സെന്തുവയിൽ വെച്ചാണ് സ്പിരിറ്റ് മറിച്ചുവിറ്റത്. 2 ടാങ്കറിൽ നിന്ന് 4 തവണ സ്പിരിറ്റ് ഊറ്റി വിറ്റിരുന്നതായും അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. സ്പിരിറ്റ് വെട്ടിപ്പിൽ 12 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.

ടാങ്കറുകളിൽ എത്തുന്ന സ്പിരിറ്റിൽ അളവ് കുറയുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

Related Articles

Back to top button