Kerala

സുഗതകുമാരിയുടെ സ്വപ്‌നം : ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രി

“Manju”

പത്തനംതിട്ട: കവയത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന ആശുപത്രിയുമായി സേവാഭാരതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി ഊരുകളുള്ള 25 പഞ്ചായത്തുകളിലാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ലഭ്യമാക്കുക. ‘സുഗതം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം തുടങ്ങുമെന്ന് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ പറഞ്ഞു.

ആദിവാസി ഊരുകളിലെ ജീവിതം നേരിട്ടറിഞ്ഞ സുഗതകുമാരി മുന്നോട്ടുവച്ച സ്വപ്‌ന പദ്ധതികളിൽ ഒന്നായിരുന്നു ഇത്. ഊരുകളിലെ സന്ദർശനവേളകളിൽ സുഗതകുമാരി പങ്കുവച്ച ആശയങ്ങളിൽ നിന്നാണ് പദ്ധതി രൂപപ്പെട്ടത്. ആശയം നടപ്പാക്കാനുള്ള ചുമതല സേവാഭാരതി ഏറ്റെടുക്കുകയായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്യുക് ഹീൽ’ എന്ന പ്രസ്ഥാനമാണ് പദ്ധതിക്കായി മെഡിക്കൽ വാൻ സേവാഭാരതിക്ക് നൽകിയത്.

ഒരു ഡോക്ടറുടെയും നഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം മെഡിക്കൽ വാനിൽ ഉറപ്പാക്കും. ചികിത്സയും മരുന്നും അവിടെത്തന്നെ നൽകും. ഗുരുതര രോഗമുള്ളവർക്കും കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കും അതാത് ജില്ലകളിൽത്തന്നെ പ്രമുഖ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. മൂന്ന് ജില്ലകളിലെയും പ്രമുഖ ആശുപത്രികളുമായും വിദഗ്ധരായ ഡോക്ടർമാരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഓരോ ഊരിലും ഒരാഴ്ച ക്യാമ്പ് ചെയ്താണ് പരിശോധനകൾ നടത്തുക. എല്ലാ ഊരുകളിലും ആരോഗ്യപൂർണമായ ജീവിതം സാധ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സേവാഭാരതി പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button