InternationalLatest

വധശിക്ഷയ്ക്ക് നൈട്രജൻ: റിപ്പോർട്ട് തേടി വൈറ്റ് ഹൗസ്

“Manju”

വധശിക്ഷയ്ക്ക് നൈട്രജൻ: പിടഞ്ഞുമരണമെന്ന് ആരോപണം; റിപ്പോർട്ട് തേടി വൈറ്റ് ഹൗസ്  - White House calls reports of Alabama man Kenneth Smith execution with  nitrogen gas deeply troubling ...
വാഷിങ്ടൻ ∙ യുഎസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത് വൻ വിവാദത്തിലേക്ക്. കുറ്റവാളി വേദനാരഹിതമായി വളരെവേഗം മരിക്കുമെന്ന നിഗമനത്തിൽ നിന്ന് വ്യത്യസ്തമായി മിനിറ്റുകളോളം പിടഞ്ഞുമരിച്ചു എന്നാണ് വാർത്തകൾ. 22 മിനിറ്റിനു ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തെ യൂറോപ്യൻ യൂണിയനും യുഎൻ മനുഷ്യാവകാശ സമിതിയും അപലപിച്ചു. അലബാമ സംസ്ഥാനത്ത് നടന്ന വധശിക്ഷയെപ്പറ്റി വൈറ്റ് ഹൗസ് റിപ്പോർട്ട് തേടി.

1989 ൽ എലിസബത്ത് സെന്നെറ്റ് (45) എന്ന വനിതയെ കൊലപ്പെടുത്തിയ കേസിൽ വാടകക്കൊലയാളി കെന്നത്ത് യുജിൻ സ്മിത്തിനെയാണ് (58) കഴിഞ്ഞ 25ന് നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധിച്ചത്. അലബാമയിലെ നിയമമനുസരിച്ച് വിഷം കുത്തിവച്ച് വധശിക്ഷ നൽകാനായിരുന്നു കോടതിവിധി. ഇതനുസരിച്ച് 2022 ൽ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. ഇത് വൻവിവാദമായി. തുടർന്നാണ് പുതിയരീതി പരീക്ഷിച്ചത്.

1982 നു ശേഷം ആദ്യമായാണ് പുതിയ വധശിക്ഷാ രീതി നടപ്പാക്കിയത്. ഏതാനും സെക്കൻഡുകൾക്കകം കുറ്റവാളി ബോധരഹിതനാകുമെന്നും മിനിറ്റുകൾക്കുള്ളിൽ മരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, പ്രാണവായുവിനായി സ്മിത്ത് ഏറെനേരം പിടഞ്ഞെന്ന് ശിക്ഷയ്ക്കു സാക്ഷ്യംവഹിച്ച റവ. ജെഫ് ഹൂഡ് ആരോപിച്ചു.

പുതിയ ‘പരീക്ഷണങ്ങൾ’ നടത്തുന്നതിനു പകരം വധശിക്ഷ അവസാനിപ്പിക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്ന് യുഎൻ മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി പറഞ്ഞു. വധശിക്ഷ മനുഷ്യാവകാശ ലംഘനവും കുറ്റകൃത്യം തടയുന്നതിന് അപര്യാപ്തവുമാണെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി. അതേസമയം, കൊലചെയ്യപ്പെട്ട എലിസബത്ത് സെന്നെറ്റിന് നിതി ലഭിച്ചെന്നാണ് അലബാമ ഗവർണർ കേയ് ഐവി പറഞ്ഞത്.

Related Articles

Back to top button