InternationalLatest

അഫ്ഗാനിസ്ഥാനില്‍ കണ്ണ് വെച്ച്‌ ചൈന

“Manju”

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ ആ രാജ്യത്തിലേക്ക് കണ്ണുവെച്ച്‌ ചൈന. അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതില്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ് ചൈനയുടെ വിശ്വാസം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചൈനയ്ക്ക് താത്പര്യമില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ആകര്‍ഷകമായ ഒന്നുമില്ലെങ്കിലും, ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമാണ് ചൈനയെ ആകര്‍ഷിക്കുന്നത്. സാമ്ബത്തിക സഹായമെന്ന കെണിയൊരുക്കി അഫ്ഗാനിസ്ഥാനെ വലയിലാക്കുവാനാണ് ശ്രമിക്കുന്നത്.
ഏകദേശം 62 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം അഫ്ഗാനിസ്ഥാനില്‍ നടത്താന്‍ ചൈന തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.ബെല്റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മറവില്‍ മലേഷ്യ മുതല്‍ മോണ്ടെനെഗ്രോ വരെയുള്ള നിരവധി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ സ്വാധീനം ഉറപ്പിച്ച അതേ നയമായിരിക്കും അഫ്ഗാനിസ്ഥാനിലും ചൈന പിന്തുടരുക. കോവിഡാനന്തര കാലഘട്ടത്തില്‍ ലോകശക്തിയായി ഉയരുവാന്‍ കൊതിക്കുന്ന ചൈനയ്ക്ക് നിരവധി ഗുണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കിയാല്‍ ലഭിക്കുക. അതില്‍ ഏറ്റവും പ്രധാനമായത് അറബിക്കടലിലേക്ക് ചൈനീസ് സൈന്യത്തിന് നേരിട്ടുള്ള സാന്നിദ്ധ്യം എളുപ്പത്തില്‍ ലഭ്യമാക്കാം എന്നതാണ്.
നിലവില്‍ ഈ വിപണികളിലേക്ക് ചൈനീസ് ചരക്കുകള്‍ പ്രശ്ന പ്രദേശമായ തെക്കന്‍ ചൈന കടലിലൂടെ ചുറ്റി കൊണ്ടു പോകേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, വടക്കു പടിഞ്ഞാറന്‍ ചൈനയുമായുള്ള അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ കടത്തി, അഫ്ഗാനിസ്ഥാനിലൂടെ കരമാര്‍ഗ്ഗം ഈ ചരക്കുകള്‍ അതിവേഗം, കുറഞ്ഞ ചെലവില്‍ മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍ വിപണികളില്‍ എത്തിക്കാന്‍ അഫ്ഗാനിനു മേലുള്ള ചൈനയുടെ സ്വാധീനം അവരെ സഹായിക്കും.
ഇറാനിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കരമാര്‍ഗ്ഗം യാത്ര ചെയ്യുന്നത് ചൈനയ്ക്ക് എളുപ്പമാകും.
അതുപോലെ ഇന്ത്യന്‍ സമുദ്രത്തിലേക്കും ആഫ്രിക്കയിലേക്കും പുതിയ എളുപ്പ പാത തുറന്നു കിട്ടുകയും ചെയ്യും. അമേരിക്ക ചൈനയുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഒപ്പം തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്ത്യയും രംഗത്തുണ്ട്. അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കങ്ങളുമായി ഇന്ത്യ. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ന് റഷ്യ സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യമാകും ചര്‍ച്ചയിലെ മുഖ്യ അജണ്ട എന്നാണ് സൂചന. യാത്രാമദ്ധ്യേ ഇറാനില്‍ ഇറങ്ങുന്ന അദ്ദേഹം വിഷയം അവിടെയും ചര്‍ച്ച ചെയ്യും.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലവ്രോവുമായി ചര്‍ച്ച നടത്തുന്ന ജയ്ശങ്കര്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ വരാനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പുരോഗതികള്‍ വിലയിരുത്തും. അമേരിക്കയുടെ അഫ്ഗാന്‍ നയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും സൃഷ്ടിക്കാന്‍ പോകുന്ന പുതിയ സാഹചര്യം ഇരു നേതാക്കളും വിലയിരുത്തും. സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഉപപ്രധാനമന്ത്രി നയിക്കുന്ന യോഗത്തിലും ജയ്ശങ്കര്‍ പങ്കെടുക്കും.
അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുമെന്നും ആഭ്യന്തര യുദ്ധമുണ്ടാകുമെന്നുമാണ് ആഗോള വിലയിരുത്തല്‍. വിഷയം ഇറാനെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലെ ഇന്ത്യ- ഇറാന്‍- റഷ്യ ചര്‍ച്ചകള്‍ക്ക് പ്രസക്തി ഏറെയാണ്. ഇതിനിടെ തായ്‌വാന്‍ തങ്ങളുടെ പൂര്‍ണ്ണാധികാരത്തിന്‍ കീഴിലുള്ള പ്രദേശമാണെന്ന് ഇപ്പോഴും ആവര്‍ത്തിച്ചു പറയുന്ന ചൈന ഒരു പക്ഷെ ആ ദ്വീപുരാഷ്ട്രത്തെ ആക്രമിക്കാന്‍ ഒരുങ്ങിയാല്‍,
അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് ചൈനയെ നേരിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം, തായ്‌വാന്‍ ചൈനയുടേ കൈവശമായാല്‍ പിന്നെ ഭീഷണി ഉയരുക ജപ്പാന്റെ ഭാഗമായ ഓഖിനാവയ്ക്കും ക്യോഡോയ്ക്കും എതിരെയായിരിക്കും.ജാപ്പനീസ് ഉപപ്രധാനമന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവന ജപ്പാന്‍-ചൈന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനയും പ്രതികരിച്ചു. കിഴക്കന്‍ ചൈനാ കടലിലെ ആള്‍താമസമില്ലാത്ത ചില ദ്വീപുകള്‍ക്കായി ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളിലുള്ള ഈ ദ്വീപുകള്‍ ഇപ്പോള്‍ ജപ്പാന്റെ കൈവശമാണ്. ഇതും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button