KeralaLatest

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

“Manju”

ശാസ്താംകോട്ട ;കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തില്‍ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മരണം.

102 സാക്ഷി മൊഴികളും ശാസ്ത്രീയ സാഹചര്യതെളിവുകളും അടങ്ങിയ കുറ്റപത്രമാണ് അന്വേഷണ സംഘം ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രെയ്റ്റ് കോടതിയില്‍ സമര്‍പ്പിക്കുക. അതേസമയം, 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുക എന്നത് അന്വേഷണസംഘത്തിന്റെ മികവാണ്. വിശദമായ ഫോറന്‍സിക് പരിശോധനാ രേഖകള്‍ ഉള്‍പ്പെടെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദത്തിന് തയ്യാറാകുന്നത്.

വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവിന്റെ കാരണവും അന്വേഷണ സംഘം കണ്ടെത്തി. ശുചിമുറിയില്‍ നിന്നു ലഭിച്ച ഷേവിംങ് ബ്ലയിഡില്‍ കണ്ടെത്തിയ രക്തക്കറ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഇത് സ്ഥിരീകരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊര്‍ജതന്ത്ര വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതില്‍ തുറക്കുന്നതും ബലമായി തകര്‍ക്കുന്നതും തമ്മിലുള്ള ഊര്‍ജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന.

പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിസ്മയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരാകെയും വിസ്മയുടെ കുടുംബത്തിന് പിന്തുണയമായി കേരള സമൂഹത്തിനൊപ്പം ഉണ്ടായിരുന്നു. മൂന്ന് തവണ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Related Articles

Back to top button