KannurKeralaLatestMalappuramUncategorized

മാനന്തവാടി കടുവയുടെ ആക്രമണത്തില്‍ നിന്നും ദമ്പതിമാര്‍ യാദൃശ്ചികമായി രക്ഷപെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

വയനാട്: മാനന്തവാടി കാട്ടിക്കുളം കരിമ്പനക്കല്‍ അപ്പച്ചന്‍ കടുവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ പശുവിനെ കറക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കടുവ ചാടി വീഴുന്നത്. വന്ന വരവില്‍ തന്നെ ഒരു കറവപ്പശുവിനെയും കടിച്ചു കീറി കൊന്നിട്ടാണ് കടുവ അപ്പച്ചന് നേരെ തിരിഞ്ഞത്. അപ്പോഴുണ്ടായ പരിഭ്രമത്തില്‍ കയ്യില്‍ കിട്ടിയ ചൂലു കൊണ്ട് അപ്പച്ചന്‍ കടുവയെ നേരിട്ടു.

ബഹളം കേട്ട ഭാര്യ വത്സയും ഓടിയെത്തി. ചൂലിനടിയും ബഹളവും ഒക്കെ ആയതോടെ തൊഴുത്തിന്റെ ഒരു ഭാഗം തകര്‍ത്ത് കടുവ ഓടി മറഞ്ഞു. ഭാഗ്യം കൊണ്ടുമാത്രമാണ് ദമ്പതികള്‍ കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. മാനന്തവാടി കോണവയല്‍ പ്രദേശത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുവയുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ പേടിച്ച്‌ പകല്‍ സമയങ്ങളില്‍ പോലും ഭയത്തോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. സ്ഥലത്ത് പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ജീവനക്കാരും കടുവയെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ കുടുക്കാനായിട്ടില്ല.

രണ്ട് മാസം മുന്‍പ് ബാവലി കട്ടക്കയം മേഖലയിലും കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.. അന്നു ഇതുപോലെ പശുവിനെ കടിച്ചു കൊന്നാണ് കടുവ രക്ഷപ്പെട്ടത്. കടുവകള്‍ അപകടഭീഷണിയായ സാഹചര്യത്തില്‍ ഇവയെ കെണിവച്ച്‌ പിടികൂടി ഉള്‍വനത്തിലേക്ക് വിടണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നാണ് വന്യമൃഗശല്യ പ്രതിരോധ കര്‍മസമിതി അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button