International

22 കമാൻഡർമാരെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ; ദൃശ്യങ്ങൾ പുറത്ത്

“Manju”

കാബൂൾ : അഫ്ഗാൻ പിടിച്ചടക്കാൻ ശ്രമിക്കുന്ന താലിബാന്റെ കൊടുംക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്. നിരായുധരായി കീഴങ്ങിയ 22 സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫര്യാബ് പ്രവിശ്യയിലെ ദാവ്‌ലത് അബാദിലാണ് സംഭവം. തെരുവിൽ വെച്ച് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചും വെടിവെച്ചുമാണ് 22 കമാൻഡോകളെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയത്.

ജൂൺ 16 ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തോക്കുകളുമായി നടക്കുന്ന താലിബാൻ ഭീകരെ വീഡിയോയിൽ കാണാം. ഉടൻ തന്നെ അഫ്ഗാൻ കമാൻഡോകളോട് കീഴടങ്ങാൻ നിർദ്ദേശം നൽകിക്കൊണ്ട് സൈന്യം കെട്ടിടത്തിനുള്ളിൽ നിന്നും പുറത്തുവരുന്നതും വീഡിയോയിലുണ്ട്. ആക്രമിക്കില്ലെന്നും പ്രത്യാക്രമണം നടത്തരുതെന്നും സൂചിപ്പിച്ചുകൊണ്ട് രണ്ട് കൈകൾ പൊക്കിക്കൊണ്ടാണ് സൈനികർ കെട്ടടത്തിന് പുറത്തേയ്ക്ക് വരുന്നത്.

എന്നാൽ താലിബാൻ സംഘം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ സ്‌ഫോടനം നടക്കുന്ന ശബ്ദവും കേൾക്കാം. പിന്നീട് കാണുന്നത് ചോരയിൽ പൂണ്ട് കിടക്കുന്ന സൈനികരുടെ മൃതദേഹമാണ്. ആയുധങ്ങൾ തീർന്നതോടെയാണ് അഫ്ഗാൻ സേന കീഴടങ്ങാൻ തീരുമാനിച്ചത് എന്നാണ് വിവരം.

താലിബാന്റെ ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ദൃക്‌സാക്ഷികൾ ഉണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനികരുടെ മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും റെഡ് ക്രോസ് വീണ്ടെടുത്തതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നാണ് താലിബാന്റെ വാദം.

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സൈന്യവും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുകയാണ്. നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞെന്ന് താലിബാൻ അവകാശപ്പെട്ടു. എന്നാൽ അഫ്ഗാൻ ഭരണകൂടം ഇത് നിഷേധിച്ചു. അഫ്ഗാനിൽ ആക്രമണം വർദ്ധിച്ചതോടെ രാജ്യത്തെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ തിരികെയെത്തിച്ചിരുന്നു.

Related Articles

Back to top button