Latest

എന്റേത് ഒരു തിരിച്ചുവരവാണെന്ന് ഒന്നും തോന്നുന്നില്ല;  ജലജ

“Manju”

കൊച്ചി: നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ജലജ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികില്‍ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായ ജമീലയായാണ് ജലജയെത്തിയിരിക്കുന്നത്.

എന്നാല്‍ തന്റേത് ഒരു തിരിച്ചുവരവായി തോന്നിയിട്ടില്ലെന്നും എല്ലാവരും പറയുമ്പോഴാണ് താന്‍ അതിനെപ്പറ്റി ചിന്തിക്കുന്നതെന്നും പറയുകയാണ് ജലജ. മീഡിയവണ്ണിനോടായിരുന്നു ജലജയുടെ പ്രതികരണം.

‘എല്ലാവരും പറയുമ്പോഴാണ് ഈ തിരിച്ചുവരവിനെപ്പറ്റി ഞാന്‍ ആലോചിക്കുന്നത്. എന്തിനാണ് ഈ തിരിച്ചുവരവ് എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. 26 വര്‍ഷം വലിയൊരു ഇടവേള തന്നെയാണെങ്കിലും എനിക്ക് ഇതൊരു തിരിച്ചുവരവായിട്ടൊന്നും തോന്നിയിട്ടില്ല.

കുറച്ച് നാള്‍ ഒന്ന് മാറിനിന്നു. പിന്നെ വീണ്ടും വന്നു എന്നേ എനിക്ക് അങ്ങനെയാണ് തോന്നുന്നത്. വളരെയധികം ആത്മസംതൃപ്തി തന്ന സിനിമയായിരുന്നു ഇത്,’ ജലജ പറഞ്ഞു.

എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയിലെത്തി തൊണ്ണൂറുകള്‍ വരെ സിനിമയില്‍ ശക്തമായ സാന്നിധ്യമായി തുടര്‍ന്ന നടിയായിരുന്നു ജലജ. ഹരിഹരന്റെ ഇവനെന്റെ പ്രിയപുത്രനായിരുന്നു ജലജയുടെ ആദ്യ സിനിമ.

പിന്നീട് ജി. അരവിന്ദന്റെയും കെ.ജി. ജോര്‍ജിന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ചിത്രങ്ങളില്‍ ജലജ തുടര്‍ച്ചയായി അഭിനയിച്ചു. ചെയ്ത കഥാപാത്രങ്ങളില്‍ മിക്കതും സങ്കടങ്ങളും അതീവ നിരാശയും നിറഞ്ഞതായതിനാല്‍ മലയാള സിനിമയിലെ ദുഖപുത്രിയായിട്ടു കൂടി ജലജ അറിയപ്പെട്ടിരുന്നു.

ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന അധ്യാപികയുടെ കഥാപാത്രമാണ് മാലികില്‍ ജലജയുടേത്.

മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button