IndiaLatest

പാര്‍ലമെന്റ് ഇന്ന് ആദരാഞ്ജലിയര്‍പ്പിക്കുന്നത് 56 പേര്‍ക്ക്

“Manju”

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങുമ്പോള്‍ സഭ ആദരാഞ്ജലിയര്‍പ്പിക്കുന്നത് 56 പേര്‍ക്ക്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇത്രയേറെ പേര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നത് ഇതാദ്യമാണെന്ന് ലോക്‌സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ന് ആദരാഞ്ജലിയര്‍പ്പിക്കുന്നരില്‍ 40 പേര്‍ മുന്‍ ലോക്‌സഭയിലും 16 പേര്‍ രാജ്യസഭയിലും അംഗങ്ങളായിരുന്നു. രണ്ട് പേര്‍ സിറ്റിങ് അംഗങ്ങളാണ്, രാജീവ് സതവും രഘുനാഥ് മൊഹാപത്രയും.

മരിച്ചവരില്‍ മിക്കവരും മുന്‍ അംഗങ്ങളായതുകൊണ്ട് സഭയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി ചിദംബരം പറഞ്ഞു. പലപ്പോഴും മരിച്ചവരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടാറില്ല. പിന്നീട് അത് കുമിഞ്ഞുകൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ മിക്കവരും മുന്‍ എംപിമാരാണ്. സമതാപാര്‍ട്ടി നേതാവ് ദിഗ് വിജയ് സിന്‍ഹ, വാജ്‌പെയുടെ മരുമകള്‍ കരുണ ശുക്ല എന്നിവരാണ് ആദരാഞ്ജലിയര്‍പ്പിക്കുന്നവരില്‍ ചിലര്‍.

കഴിഞ്ഞ സമ്മേളനത്തില്‍നിന്ന് വ്യത്യസ്തമായി രാവിലെ മുതലാണ് സഭകള്‍ സമ്മേളിക്കുക. കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിക്ക് ശേഷം ആദ്യമായാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്ത് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പി വി അബ്ദുല്‍ വഹാബ്, അബ്ദുല്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Related Articles

Back to top button