ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസില്‍ 100 മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചത്.
‘ഏഷ്യൻ പാരാ ഗെയിംസില്‍ നമ്മുടെ താരങ്ങള്‍ 100 മെഡലുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷമാണിത്. ഈ വിജയം നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ്. കായികതാരങ്ങളെയും അവരുടെ പരിശീലകരെയും അവരെ പിന്തുണയ്ക്കുന്ന മുഴുവൻ പേരെയും ഈ നിമിഷത്തില്‍ ഞാൻ അഭിനന്ദിക്കുന്നു. ഈ വിജയം എല്ലാവര്ക്കും പ്രചോദനം നല്കുന്നു. യുവാക്കള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വിജയം’പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഏഷ്യൻ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ടി-47 ഇനത്തില്‍ ദിലീപ് ഗാവിറ്റ് സ്വര്‍ണം നേടിയതോടെയാണ് 100 മെഡല്‍ എന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന പാരാ ഗെയിംസിലായിരുന്നു ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയത്. 15 സ്വര്‍ണവും 24 വെള്ളിയും 33 വെങ്കലവുമടക്കം 72 മെഡലുകളാണ് ഇന്ത്യൻ താരങ്ങള്‍ അന്ന് നേടിയെടുത്തത്.