IndiaInternationalLatest

പ്രവാസി ഇന്ത്യക്കാരുമായുള്ള സംഭാഷണ പരമ്പര ഇന്നുമുതല്‍

“Manju”

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അമേരിക്കയിലെ പ്രവാസികളായ ഇന്ത്യക്കാരുമായുള്ള സംഭാഷണ പരമ്പര ആരംഭിക്കുന്നു. ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഇന്തോഅമേരിക്കന്‍ എയറോസ്‌പെയ്സ് എഞ്ചിനീയര്‍ ഡോ. സ്വാതി മോഹനുമായാണ് ആദ്യ സംഭാഷണം. ജൂലൈ 28ന് രാത്രി 7നാണ് പരിപാടി. നാസയുടെ ജെറ്റ് പ്രൊപ്പല്‍‌ഷന്‍ ലബോറട്ടറിയിലെ (ജെ‌പി‌എല്‍) ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ സിസ്റ്റംസ് എഞ്ചിനീയറിങ് ഗ്രൂപ്പ് സൂപ്പര്‍വൈസറാണ് ഡോ. സ്വാതി മോഹന്‍. നാസയുടെ 2020ലെ ചൊവ്വ ഗ്രഹദൗത്യത്തിനുള്ള ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സ്വാതിയായിരുന്നു.

ഡയസ്പോറ ഡിപ്ലോമസി (#DiasporaDiplomacy) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യക്കാരുടെ അനുഭവം പങ്കുവെക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിലേക്കെത്തിയ ദീര്‍ഘമായ യാത്രയെക്കുറിച്ചും പ്രവാസികള്‍ മനസ് തുറക്കും. ഇന്ത്യഅമേരിക്ക ബന്ധത്തെ മെച്ചപ്പെടുത്തുന്നതിലള്ള അവരുടെ പങ്കും ചര്‍ച്ചയാകും. അമേരിക്കയുടെ വ്യാപാര, നൈപുണ്യ, ആരോഗ്യ, ശാസ്ത്ര രംഗത്തെല്ലാം ഇന്ത്യക്കാരുടെ സാനിധ്യം വലുതാണ്.

ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂദിത്ത് റേവിന്‍ ഈ സംഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്യും. “നാലു ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ഇന്ത്യയില്‍ വേരുകളുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഊര്‍ജം പകരുന്നു ഈ സമൂഹം. പൊതുജനങ്ങളുമായുള്ള ഞങ്ങളുടെ സമ്പര്‍ക്കത്തില്‍ ഇന്ത്യന്‍അമേരിക്കന്‍ പ്രവാസികളുടെ ശബ്‌ദം കൂട്ടിച്ചേര്‍ക്കുന്നതിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുന്നു,” ജൂദിത്ത് റേവിന്‍ പറഞ്ഞു.

ഡോ. സ്വാതി മോഹനുമായി സംസാരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പാനലുണ്ട്. ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ സ്‌പേസ്4വിമെന്‍കൂട്ടായ്‌മയുടെ ഉപദേഷ്ടാവ് ദീപാന ഗാന്ധിയുമായും വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, ബഹിരാകാശ പ്രേമികള്‍ എന്നിവരുമായിട്ടാകും സ്വാതി മോഹന്‍ സംവദിക്കുക. യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയുടെ ഫേസ്ബുക്ക് പേജായ https://www.facebook.com/chennai.usconsulate/ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പ്രേക്ഷകര്‍ക്കും സ്വാതി മോഹനോട് ചോദ്യം ചോദിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, സുനിത വില്ല്യംസ്, വിവേക് മൂര്‍ത്തി തുടങ്ങി കമ്പനി ഉടമകളും സംരഭകരും മുതല്‍ അമേരിക്കന്‍ ഭരണ തലപ്പത്തുള്ള അധികാരികള്‍ വരെ പരിപാടിയുടെ ഭാഗമാകും. ഓഗസ്റ്റ് 18ന് ഗ്രാമി അവാര്‍ഡ് നാമനിര്‍ദേശം ലഭിച്ച ഇന്ത്യന്‍അമേരിക്കന്‍ സംഗീതജ്ഞ പ്രിയ ദര്‍ശിനിയുടെ വെര്‍ച്വല്‍ സംഗീത കച്ചേരിയാണ്. ഓഗസ്റ്റ് 19ന് പ്രിയയും സംഘവും വളര്‍ന്നുവരുന്ന സംഗീത പ്രതിഭകള്‍ക്കായി ഒരു വെര്‍ച്വല്‍ ശില്‍പ്പശാലയും സംഘടിപ്പിക്കുന്നുണ്ട്.

 

Related Articles

Back to top button