International

നാവിന് മഞ്ഞ നിറം, മൂത്രത്തിന് കടുത്ത ചുവന്ന നിറം;  12 വയസുകാരന് അപൂർവ്വ രോഗം 

“Manju”

ഒട്ടാവ: കാനഡയിൽ പന്ത്രണ്ട് വയസുകാരന് അപൂർവ്വ രോഗം കണ്ടെത്തി. നാവ് മഞ്ഞ നിറത്തിലാവുകയും രോഗപ്രതിരോധ ശേഷി പൂർണമായും നഷ്ടമാവുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ആൺ കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്. എപ്‌സ്റ്റൈൻബാർ വൈറസാണ് കുട്ടിയുടെ ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അഗ്ലുട്ടിനിൻ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്.

ചികിത്സ തേടി ടൊറോന്റോയിലെ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കുട്ടിയ്‌ക്ക് മഞ്ഞപ്പിത്തമാണെന്നാണ് കരുതിയത്. സാധാരണയായി ശരീരത്തിന് മഞ്ഞ നിറം കാണപ്പെടുന്നത് മഞ്ഞപ്പിത്തം ബാധിക്കുന്ന സമയത്താണ്. എന്നാൽ കുട്ടിയുടെ നാവിലെ മഞ്ഞ നിറം ഡോക്ടർമാരെ പ്രതിസന്ധിയിലാക്കി. കടുത്ത തൊണ്ട വേദന, ചുമ, വയറുവേദന, കടുത്ത ചുവന്നനിറത്തിലെ മൂത്രം, ത്വക്കിന് നിറ വ്യത്യാസം എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ.

കുട്ടിയുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ച ശേഷമാണ് എപ്‌സ്റ്റൈൻബാർ വൈറസ് ബാധയാണിതെന്ന് കണ്ടെത്തിയത്. എപ്‌സ്റ്റൈൻ ബാർ വൈറസ് രോഗപ്രതിരോധ ശേഷിയെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരൽ ചുവന്ന രക്താണുക്കളെയാണ് രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നത്. ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തിൽ ബില്ലിറുബീന്റെ അളവ് വർദ്ധിക്കും. ഇത് മഞ്ഞപ്പിത്തത്തിനും കാരണമാകും.

ശൈത്യകാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. രക്തം മാറ്റിവെയ്‌ക്കലാണ് ഒരു ചികിത്സാ രീതി. കുട്ടിയ്‌ക്ക് സ്റ്റിറോയിഡ് നൽകിയതോടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസ്സുകാരനെ നിരീക്ഷിച്ച് വരികയാണ്.

Related Articles

Back to top button