InternationalLatest

പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

“Manju”

പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചര്‍ വാട്സാപ്പ് പ്രഖ്യാപിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോം ഗ്രൂപ്പുകള്‍ക്കായി അഡ്‌മിന്‍ ഡിലീറ്റ്, കൂടുതല്‍ പേര്‍ക്ക് വോയ്‌സ് കോളുകള്‍, സന്ദേശ പ്രതികരണങ്ങള്‍, വലിയ ഫയല്‍ പങ്കിടല്‍ എന്നിവയുള്‍പ്പെടെ നാല് പുതിയ സവിശേഷതകളും അവതരിപ്പിച്ചു.

വാട്സാപ്പ് കമ്മ്യൂണിറ്റി ഫീച്ചര്‍
കമ്മ്യൂണിറ്റികള്‍ ഉപയോക്താക്കളെ മുഴുവന്‍ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകള്‍ സ്വീകരിക്കാനും അവര്‍ക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച്‌ ചെറിയ ചര്‍ച്ചാ ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്ബനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.                                                                                                                      ഗ്രൂപ്പിലെ എല്ലാവര്‍ക്കുമായി അറിയിപ്പ് സന്ദേശങ്ങള്‍ പ്രത്യേകം അയയ്ക്കാന്‍ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകള്‍ക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.                                                                                                                                       ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഈ ഫീച്ചര്‍ ഉപയോഗിച്ച്‌ സ്‌കൂളുകള്‍ക്കും പ്രാദേശിക ക്ലബ്ബുകള്‍ക്കും ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് എളുപ്പമാക്കാന്‍ സാധിക്കും. അതിനാല്‍ ആശയവിനിമയ വിടവ് ഉണ്ടാകില്ല.                                                                                                                                                         നിര്‍ദിഷ്‌ട ക്ലാസുകള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ സന്നദ്ധ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകള്‍ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകള്‍ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച്‌ കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികള്‍ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോം ബ്ലോഗില്‍ കുറിച്ചു.
ആര്‍ക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതില്‍ ചേര്‍ക്കാനും സാധിക്കും. എന്നാല്‍, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാല്‍ മാത്രമാണ് ഗ്രൂപ്പുകള്‍ ഒന്നിപ്പിക്കാന്‍ കഴിയുക.
എന്നാല്‍ പ്രത്യേക ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കാണാന്‍ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്ബറുകളോ കാണാന്‍ കഴിയില്ല. എന്നാല്‍ ഏതൊക്കെ ഗ്രൂപ്പിലുളളവര്‍ക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കുകയും ചെയ്യാം.

മറ്റു ചില പുതിയ വാട്സാപ്പ്
ഗ്രൂപ്പ് ഫീച്ചറുകള്‍
പ്രതികരണങ്ങള്‍, അഡ്‌മിന്‍ ഡിലീറ്റ്, ഫയല്‍ ഷെയറിങ്, നീണ്ട വോയ്‌സ് കോളുകള്‍ എന്നിവ ഉള്‍പ്പെടെ ഗ്രൂപ്പുകള്‍ക്കായി വാട്സാപ് നാല് പുതിയ ഫീച്ചറുകള്‍ കൂടി ചേര്‍ക്കുകയാണ്.
1. പ്രതികരണങ്ങള്‍: പുതിയ സന്ദേശങ്ങള്‍ ഉപയോഗിച്ച്‌ ചാറ്റുകള്‍ നിറയ്ക്കാതെ തന്നെ അവരുടെ അഭിപ്രായം വേഗത്തില്‍ പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിന് ഇമോജികള്‍ ഉപയോഗിക്കാന്‍ സാധിക്കും.
ഒരു മെസേജിനെതിരെ ഇന്‍സ്റ്റാഗ്രാമിലെ പോലെ ഇമോജികള്‍ ഉപയോഗിച്ച്‌ അതിവേഗം പ്രതികരിക്കാം. നിലവില്‍ ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും ഒരു മെസേജിനോട് പ്രതികരിക്കാന്‍ മറ്റൊരു സന്ദേശം അയയ്ക്കേണ്ടതുണ്ട്.
2. അഡ്‌മിന്‍ ഡിലീറ്റ്: വാട്സാപ്പ് ഗ്രൂപ്പിലെ എല്ലാവരുടെയും ചാറ്റുകളില്‍ നിന്നും തെറ്റായ അല്ലെങ്കില്‍ പ്രശ്‌നകരമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കും.
3. ഫയല്‍ പങ്കിടല്‍: 2 ജിഗാബൈറ്റ് വരെയുള്ള ഫയലുകള്‍ പിന്തുണയ്ക്കുന്നതിനായി വാട്സാപ് ഫയല്‍ ഷെയറിങ് പരിധി ഉയര്‍ത്തുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചറാണ്.
4. വോയ്‌സ് കോളില്‍ കൂടുതല്‍ പേര്‍: വാട്സാപ്പ് ഗ്രൂപ്പ് കോളുകള്‍ നാലില്‍ നിന്ന് എട്ട് അംഗങ്ങളിലേക്ക് നീട്ടിയിരുന്നു. ഇപ്പോള്‍, ഒരേസമയം 32 അംഗങ്ങള്‍ക്ക് വരെ വോയ്‌സ് കോളിങ് നടത്താമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാട്സാപ്പ് പുതിയ വോയ്‌സ് കോള്‍ ഇന്റര്‍ഫേസും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്. ഈ ഫീച്ചറുകളെല്ലാം വരും ആഴ്‌ചകളില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇതിനാല്‍ കമ്മ്യൂണിറ്റികള്‍ തയാറാകുന്നതിന് മുന്‍പ് തന്നെ അവ പരീക്ഷിച്ചു തുടങ്ങാമെന്ന് വാട്സാപ്പ് അറിയിച്ചു.

Related Articles

Back to top button