KeralaLatest

മാതൃമണ്ഡലത്തിന്റെ സ്വന്തം ഇന്ദിര ടീച്ചര്‍

ഇന്ന് രാവിലെ നമ്മെ വിട്ട് പിരിഞ്ഞ ആത്മബന്ധു കെ.ഇന്ദിര ടീറ്ററെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിക്കുന്നു.

“Manju”

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

വിയോഗങ്ങള്‍ പലപ്പോഴും നമ്മെ വല്ലാതെ ഉലയ്ക്കാറുണ്ട്. അതില്‍ ചില വിയോഗങ്ങള്‍ നമ്മിലുണ്ടാക്കുന്ന  ശൂന്യതാബോധം വളരെ വലുതാണ്.  അത്തരത്തിലുണ്ടായ ഒരു അപ്രതീക്ഷിത വിയോഗമാണ്.  കൂറാറ വലിയ പറമ്പത്ത് കെ. ഇന്ദിര എന്ന ഇന്ദിര ടീച്ചറുടേത്. ടീച്ചര്‍ എന്നെന്നേക്കുമായി പോയ്മറഞ്ഞുവെന്ന് നാടിനും ശാന്തിഗിരി ആശ്രമ പ്രവര്‍ത്തകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അവരെ ചേര്‍ത്തു പിടിക്കാനും സ്നേഹത്തോടെ ശാസിക്കാനും ഇനി ടീച്ചറില്ല.

മാതൃമണ്ഡലത്തിന്റെ പല പ്രവര്‍ത്തകര്‍ക്കും ടീച്ചറെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. മാതൃമണ്ഡലത്തിന്റെ ഓരോ പ്രവര്‍ത്തകരെയും നേരിട്ട് വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും വളരെ നന്നായി വിലയിരുത്തി ലിസ്റ്റ് തയാറാക്കി എല്ലാവരെയും ഒരുപോലെ സഹകരിപ്പിക്കുന്ന ഒരു ശീലം ടീച്ചര്‍ക്കുണ്ടായിരുന്നു. ആശ്രമത്തിന് ചെറിയ നഷ്ടം പോലും വരുത്തുന്നതോ വരുന്നതോ സഹിക്കുമായിരുന്നില്ല. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രണായിരുരുന്ന ടീച്ചര്‍ 23 വര്‍ഷത്തെ സേവനത്തിനു ശേഷമാണു വിരമിച്ചത്.

മാതൃമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് സജീവമായി പ്രവര്‍ത്തിക്കുകയും കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഓരോ പ്രവൃത്തി ഏറ്റെടുക്കുമ്പോഴും ചെയ്യുമ്പോഴും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും  എപ്പോഴും ശ്രമിക്കാറുണ്ട്. ആദ്യം സ്‌നേഹപൂര്‍വ്വം പറയും മനസ്സിലായില്ലെങ്കില്‍ മാത്രം ശാസിക്കും. പക്ഷേ അതില്‍ സ്്‌നേഹവും ഉണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകളെ സഹകരിപ്പിച്ച് ചെയ്യിപ്പിക്കുന്നതില്‍ അത്രയും മിടുക്കാണ് ടീച്ചര്‍ കാണിച്ചിരുന്നത്. ഒരു കാര്യത്തിനും ടീച്ചര്‍ മടിച്ചിരിക്കുന്നത് ഒരിക്കല്‍ പോലും ആരും കണ്ടിട്ടില്ല. ടീച്ചറുടെ ദൃഢനിശ്ചയം കൂടെയുള്ള പ്രവർത്തകർക്ക് ഒരാവേശമായിരുന്നു. കണ്ണൂരിൽ ശാന്തിഗിരിയുടെ പ്രവർത്തനം ആരംഭിക്കുന്ന സമയത്ത് പരമാവധി ആളുകളോട് ആശ്രമത്തെക്കുറിച്ച് അറിയിക്കാൻ ടീച്ചർ യത്നിച്ചു. വീടുകളിൽ കാൽനടയായി സഞ്ചരിച്ച് ഗുരുവിനെയും ആശ്രമത്തെയും പരിചയപ്പെടുത്തുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്.

തലശ്ശേരിയില്‍ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിന്റെ ആരംഭം മുതലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും പങ്കാളിയായിരുന്നു, സ്വന്തം ആരോഗ്യം പോലും നോക്കാതെയായിരുന്നു ഓരോ പ്രവര്‍ത്തനവും. ആശ്രമത്തില്‍ ധാരാളം പറങ്കി(കശുമാവ്)മാവുണ്ടായിരുന്നു. അതില്‍ നിന്ന് വീഴുന്ന പറങ്കിയണ്ടി  ശേഖരിക്കുന്ന കുട്ടികള്‍ക്കൊപ്പം അവരും ചേരും.. അവര്‍ക്കത് ഒരു തിരിച്ചുപോകലാണ്.. താനും കുട്ടിയാകുന്നതുപോലെ ഒരുപാടു കുട്ടികളെക്കണ്ട് അവരെ നേര്‍വഴിക്ക് നയിച്ച ആ ടീച്ചറമ്മയ്ക്ക് തോന്നും. ആശ്രമത്തിന് വേണ്ടിയുള്ള ചിലപ്പോള്‍ മക്കളോ ഭര്‍ത്താവോ അറിയാതെ തന്നെ തന്റെ പക്കലിലുള്ള എന്ത് തന്നെയായാലും ടീച്ചര്‍ മാറ്റി വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആശ്രമോചിതമായ രീതിയില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തണമെന്ന് എപ്പോഴും  സ്നേഹത്തോടെ മാത്രം ശാസിച്ചിരുന്ന ടീച്ചര്‍ വിട്ടുപോയത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃമണ്ഡലത്തിന്റെ പ്രവര്‍ത്തകര്‍ക്കും ആശ്രമത്തിന്റെ നാനാതുറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു തീരാ വേദനയാണ്.

ടീച്ചറുടെ ആത്മാവിന് ഗുരുവില്‍ നിന്ന് എന്തുകാരുണ്യമാണോ ലഭിക്കേണ്ടത് അത് ലഭിക്കേണമേ എന്ന് പരമകാരുണികനായ ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്നു.

 

Related Articles

Back to top button