India

38 കാരന് ആധുനിക ശസ്ത്രക്രിയയിലൂടെ പുതു മുഖം

“Manju”

ജയ്സാൽമർ : കാളയുടെ ആക്രമണത്തിൽ മുഖം നഷ്ടമായ 38 കാരന് ആധുനിക ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതിയ മുഖം . രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ കർണി ബിഷ്‌നോയ് എന്ന യുവാവാണ് ശാസ്ത്രലോകത്തിന്റെ പിൻബലത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് .

2020 സെപ്റ്റംബറിൽ ജോലി കഴിഞ്ഞ് മടങ്ങവേയാണ് അക്രമാസക്തനായി ഓടിയെത്തിയ കാള അദ്ദേഹത്തെ അക്രമിച്ചത് . കാളകൾ വരുന്നത് കണ്ട് അവയ്‌ക്ക് പോകാനായി ബിഷ്നോയ് വാഹനം ഒതുക്കി നിർത്തിയിരുന്നു . ഇതിനിടയിലായിരുന്നു ആക്രമണം .

ആക്രമണത്തിൽ, ബിഷ്നോയിയുടെ വലത് കണ്ണ് നഷ്ടപ്പെട്ടു, മുഖത്തിന്റെ വലതുഭാഗവും, മൂക്കും ചുണ്ടും അടർന്നു , തലയോട്ടി പൊട്ടി . കാള ബിഷ്നോയിയെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു . നേരിയ ജീവൻ അവശേഷിച്ച രീതിയിലാണ് ബിഷ്നോയിയെ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തും , സഹോദരിയും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത് .

എന്നാൽ ബിക്കാനീർ ആശുപത്രിയിലെ താൽക്കാലിക സൗകര്യങ്ങൾ ഉപയോഗിച്ച് രക്ത സ്രാവം നിർത്താൻ മാത്രമേ കഴിഞ്ഞുള്ളൂ . തുടർന്ന് അവിടെ നിന്ന് സാകേത്തിലെ ആശുപത്രിയിലേക്ക് മാറ്റി . ഈ അവസ്ഥയിലും ബിഷ്നോയുടെ ജീവൻ നിലനിൽക്കുന്നതാണ് അവിടുത്തെ ഡോക്ടർമാരുടെ സംഘത്തെ അത്ഭുതപ്പെടുത്തിയത് . കാരണം അത്രയേറെ മാരകമായ പരിക്കാണ് ബിഷ്നോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് . തലച്ചോറിനടക്കം ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു ബിഷ്നോയ് അപ്പോൾ.

തുടർന്ന്, ന്യൂറോ സർജൻമാരുടെയും, പ്ലാസ്റ്റിക് സർജറി വിദഗ്ധന്മാരുടെയും സംഘം ഉടൻ സജ്ജമായി . പിപി ഇ കിറ്റണിഞ്ഞ് പത്ത് മണിക്കൂറിലേറെ സമയം എടുത്ത് നടത്തിയ ശസ്ത്രക്രിയയിലൂടെ സംഘം ജീവൻ രക്ഷിക്കുക മാത്രമല്ല, ബിഷ്നോയിയുടെ മുഖം ഒരു മനുഷ്യരൂപത്തിലേക്ക് പുനസ്ഥാപിക്കുകയും ചെയ്തു. എങ്കിലും മുഖത്തിന്റെ വലതുവശത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട്, വലതുവശത്തെ പുരികവും നെറ്റിയും ഉയർത്താനുള്ള കഴിവില്ലാതെ, ചതഞ്ഞ മൂക്കുമായിട്ടായിരുന്നു ബിഷ്നോയിയുടെ പുതുജീവിതം .

നാലുമാസത്തിനുശേഷം, അദ്ദേഹം രണ്ടാം ഘട്ട ശസ്ത്രക്രിയയ്‌ക്ക് വിധേയനായി . ഇന്ത്യയിൽ ആദ്യമായി ‘ ഫോർഹെഡ് മസിൽ ടു മസിൽ ന്യൂറോടൈസേഷൻ ‘ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയായിരുന്നു അത് . ജൂലൈയോടെ ബിഷ്നോയിക്ക് വലത് പുരികവും നെറ്റിയും ചലിപ്പിക്കാനും കഴിഞ്ഞു . കുറച്ച് മാസങ്ങൾക്ക് ശേഷം ബിഷ്നോയ് മൂന്നാം ഘട്ട ശസ്ത്രക്രിയയ്‌ക്ക് കൂടി വിധേയനാകുന്നതോടെ അദ്ദേഹത്തിന്റെ മുഖത്തിന്റെ പോരായ്മകൾ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button