IndiaLatest

രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും

“Manju”

ന്യൂഡെല്‍ഹി:  അയോധ്യയില്‍ പണിതുയര്‍ത്തുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്നു കൊടുക്കും. ക്ഷേത്രത്തിലെ അഞ്ച് മണ്ഡപങ്ങളും ഒന്നാമത്തെ നിലയും 2023 ഡിസംബറോടെ പൂര്‍ത്തിയാകും.
മ്യൂസിയം, ഡിജിറ്റല്‍ ആര്‍കൈവ്, റിസേര്‍ച് സെന്റര്‍ എന്നിവയും ക്ഷേത്ര സമുച്ചയത്തില്‍ നിര്‍മിക്കും. ക്ഷേത്രത്തിന്റെ മുഴുവന്‍ വിവരങ്ങളും മ്യൂസിയത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 100 ഏകറിലധികം സ്ഥലത്തായാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ആയിരം കോടിയാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി വിലയിരുത്തിയിരിക്കുന്നത്. ഇതുവരെ 3000 കോടി രൂപ ക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്നും ലഭിക്കുന്ന തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നതിനുള്ള എഫ് സി ആര്‍ എ അകൗണ്ട് ഇതുവരെ സജ്ജമാകാത്തതാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിന് ഇഷ്ടികയും സ്റ്റീലും ആവശ്യമില്ല. എന്നാല്‍ കര്‍സേവാപുരത്ത് കൊത്തിയെടുത്തിട്ടുള്ള കല്ലുകള്‍ ക്ഷേത്രത്തിന് ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. രാജസ്ഥാനിലെ ഭരത്പൂരിലെ ബന്‍സി പഹറില്‍ നിന്നുമാണ് ഭൂരിഭാഗം കല്ലുകളും വരുന്നത്. കല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കോപെര്‍ ആണ് ഉപയോഗിക്കുന്നത്.
വിശേഷദിവസങ്ങളില്‍ 5 ലക്ഷം ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ സുരക്ഷ സംസ്ഥാന കേന്ദ്ര സര്‍കാരുകള്‍ക്ക് ആണെങ്കിലും ക്ഷേത്രത്തിനകത്തെ സുരക്ഷ രാമക്ഷേത്ര ട്രസ്റ്റിനാണ്. ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്സ്‌പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

Related Articles

Back to top button