KeralaLatestThiruvananthapuram

നാളെ കര്‍ക്കിടക വാവ്; വീടുകളില്‍ ബലി അര്‍പ്പിക്കാന്‍ നിര്‍ദേശം

“Manju”

തിരുവനന്തപുരം: പിതൃസ്മരണയുമായി നാളെ കര്‍ക്കിടക വാവ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ് നിര്‍ദേശം. ബലി തര്‍പ്പണത്തിന് ശേഷമുള്ള വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അവസരമുണ്ട്.

തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികള്‍ ബലി തര്‍പ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവാണിത്. ഒരുക്കങ്ങളൊന്നുമില്ലാതെ കടവ് ഒഴിഞ്ഞ് കിടക്കുന്നു. ക്ഷേത്ര വളപ്പിലേക്കെത്തിയാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബലിതര്‍പ്പണത്തിന്റെ അവശേഷിപ്പുകള്‍ കാണാം. പക്ഷെ കര്‍ക്കിടക വാവ് ദിവസമായ നാളെ അതുമുണ്ടാവില്ല.

തെക്കന്‍ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വര്‍ക്കലയിലും ആളനക്കമില്ല. ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും. ആള്‍ക്കൂട്ടമുണ്ടാകുമെന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലെ ക്ഷേത്രങ്ങളിലോ പുണ്യതീര്‍ത്ഥ കേന്ദ്രങ്ങളിലോ കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണയും ബലിതര്‍പ്പണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പകരം വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച്‌ വീടുകളില്‍ ബലിയിടാനാണ് ആചാര്യന്‍മാരും നിര്‍ദേശിക്കുന്നത്. ശിവഗിരി മഠത്തിന്റെ യൂടൂബ് ചാനലിലടക്കം പല ക്ഷേത്രങ്ങളും ഓണ്‍ലൈനായി ബലിതര്‍പ്പണ ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞ് നല്‍കുന്നുണ്ട്. നാളെ ഉച്ചയ്ക്ക് 12.15 വരെ ബലിയിടാനുള്ള സമയമാണങ്കിലും പുലര്‍ച്ചെ ആറിനും പത്തിനുമിടയില്‍ ചെയ്യുന്നതാണ് ഉത്തമമെന്നാണ് ആചാര്യന്‍മാര്‍ അറിയിക്കുന്നത്.

Related Articles

Back to top button