International

ഗ്രീസിൽ കാട്ടുതീ പടരുന്നു

“Manju”

ഏതൻസ്: ഗ്രീസിൽ വനപ്രദേശത്ത് കാട്ടുതീ പടരുന്നു. നൂറിലധികം വീടുകൾ കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചു. ലക്ഷക്കണക്കിന് ജീവജാലങ്ങൾ വെന്തുമരിച്ചതായാണ് വിവരം. ഗ്രീക്ക് തലസ്ഥാനമായ ഏതൻസിന് വടക്കുള്ള പ്രദേശങ്ങളിലാണ് കാട്ടുതീ രൂക്ഷമായത്. ഇവിടെ നിന്നും വിനോദ സഞ്ചാരികളേയും താമസക്കാരേയും ഒഴിപ്പിച്ചു. ശക്തമായ കാറ്റും ഉയർന്ന താപനിലയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തീ അണയ്‌ക്കാനായുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. 20 ഓളം വാട്ടർ ബോംബിംഗ് വിമാനങ്ങളേയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. യുകെ, ഫ്രാൻസ്, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും രാജ്യത്തേയ്‌ക്ക് അയച്ചു.

ആറ് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫോർമേഷൻ സിസ്റ്റം നൽകുന്ന വിവരം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 56,655 ഹെക്ടർ പ്രദേശമാണ് ഗ്രീസിൽ കത്തി നശിച്ചത്. അഗ്നിശമന സേനാംഗം അടക്കം രണ്ട് പേർ ഇതുവരെ മരണത്തിന് ഇരയായി. 20 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം മൂന്ന് വലിയ കാട്ടുതീയാണ് ഗ്രീസിലുടനീളം റിപ്പോർട്ട് ചെയ്തത്. എവിയ ദ്വീപിലും ഒളിമ്പിയയിലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയർന്ന ഉഷ്ണതരംഗമാണ് ഗ്രീസിൽ അനുഭവപ്പെട്ടിരിക്കുന്നത്. 45 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles

Back to top button