IndiaLatest

കേരളത്തിലേക്കുള്ള കള്ളനോട്ടിന് പിന്നില്‍ ചെന്നൈ ലക്ഷ്‌മി

“Manju”

കൊച്ചി: പിറവം പൈങ്കുറ്റിയില്‍ ആഡംബര വീട് വാടകയ്ക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മ്മിക്കാന്‍ ഏഴംഗ സംഘത്തിന് സാമ്പത്തിക പിന്തുണ നല്‍കിയത് ചെന്നൈയിലെ വന്‍ കള്ളനോട്ടടി സംഘം. ചെന്നൈ സ്വദേശിനിയായ ലക്ഷ്മിയാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. പിറവത്തു നിര്‍മ്മിച്ച വ്യാജനോട്ടുകള്‍ രണ്ട് ഘട്ടമായി ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ലക്ഷ്മിയാണ് കേരളത്തിലെ പല കള്ളനോട്ട് അടിക്കുന്ന സംഘങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള പണം നല്‍കുന്നത്.

കേസില്‍ അറസ്റ്റിലായ തങ്കമുത്തു വഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ തലവന്‍ സുനില്‍ കുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്. നോട്ട് നിര്‍മ്മാണത്തിന് പലവട്ടം പിടിയിലായ സുനില്‍കുമാറിന്റെ സംഘത്തിന് ലക്ഷ്മി എല്ലാ സഹായവും ഉറപ്പ് നല്‍കി. ഇവര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് സ്കാനര്‍ അടക്കമുള്ള ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ വാങ്ങിയതും പിറവത്തെ വീട് വാടകയ്ക്കെടുത്തതും. കേസില്‍ അറസ്റ്റിലായ ഏഴ് പ്രതികളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. ആരോഗ്യ കാരണങ്ങളാല്‍ തങ്കമുത്തുവിനെ ആദ്യം കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് ഇയാളെ കസ്റ്റഡിയില്‍ കിട്ടിയത്.

റൈസ് പുള്ളര്‍ ഇടപാടിലൂടെയാണ് ലക്ഷ്മിയെ തങ്കമുത്തു പരിചയപ്പെടുന്നത്. ഇത്തരം ഇടപാടുകളില്‍ അന്ന് കുപ്രസിദ്ധയായിരുന്നു അവര്‍. ചെന്നൈയില്‍ വര്‍ഷങ്ങളായി നോട്ട് ഇടപാട് നടത്തുന്നത് ലക്ഷ്മിയുടെ സംഘമാണ്. തങ്കമുത്തുവും മറ്റൊരു പ്രതി മധുസൂദനനുമാണ് സുനില്‍ കുമാറിനെ പരിചപ്പെടുത്തിയത്. ലക്ഷ്മി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ലക്ഷ്മി കേരളത്തിലെ പല കള്ളനോട്ടടി സംഘങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന തങ്കമുത്തുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വ്യാപക അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. പിറവം നോട്ടടി സംഘത്തില്‍ നിന്ന് വയനാട് സ്വദേശി നസീ‌ര്‍ വ്യാജനോട്ട് കൈപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ദിവസം ഇയാളുടെ വീട് റെയ്ഡ് ചെയ്തു ലാപ്ടോപ്പ് അടക്കം പിടിച്ചെടുത്തിരുന്നു. ലാപ്ടോപ്പില്‍ വ്യാജനോട്ടിന്റെ ചിത്രങ്ങളുമുണ്ട്. നസീറിനായും അന്വേഷണം ഊ‌ര്‍ജിതമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Articles

Back to top button