KeralaLatest

ലെവല്‍ ക്രോസുകളില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

“Manju”

കോഴിക്കോട്: ലെവല്‍ക്രോസ്സുകള്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സേവന പ്രവര്‍ത്തനം നടത്തുന്ന ആളുകളെ ആദരിക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനം ആണെന്നും അതിന് നേതൃത്വം നല്‍കിയ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി. അനൂപിനെയും, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണിയേയും സ്വര്‍ണ്ണനാണയം സമ്മാനിച്ച ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനിയെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ കടലുണ്ടിയിലെ ട്രെയില്‍ അപകടം ഒഴിവാക്കിയ തറയില്‍ രതീഷിന് ക്യാഷ് അവാര്‍ഡും സ്വര്‍ണ്ണ നാണയവും നല്‍കി ആദരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളെ പ്രോല്‍സാഹിപ്പിക്കുവാനും ആദരിക്കുവാനും തയ്യാറാകുന്നത് നല്ല പ്രവണതയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

2021 ഏപ്രില്‍ 21ന് രാവിലെ കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ് ട്രെയിന്‍ പോയ ഉടനെയാണ് അയല്‍വാസിയായ തറയില്‍ രതീഷ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടനെ ബന്ധപ്പെട്ടവരെ അറിയിച്ച്‌ അപകടം ഒഴിവാക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച രതീഷിന് 10000 രൂപയുടെ കാഷ് അവാര്‍ഡും, സ്വര്‍ണ്ണ നാണയവും കോണ്‍ഫെഡറേഷന്‍ റീജണല്‍ ഓഫീസില്‍ വച്ച്‌ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ബഹു പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സമ്മാനിച്ചു.

ക്യാഷ് അവാര്‍ഡ് അസോസിയേഷന്‍ ദേശീയ ചെയര്‍മാനും, എവിഎ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ എ.വി. അനൂപും, ടര്‍ട്ടില്‍ ഹെല്‍മെറ്റ് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ എം.ഐ. അഷ്റഫ് സ്വര്‍ണ്ണ നാണയവും സ്പോണ്‍സര്‍ ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍ പ്രശസ്തിപത്രം സമ്മാനിച്ചു. ടര്‍ട്ടില്‍ ഹെല്‍മറ്റ് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ എം.ഐ. അഷറഫ് പ്രീമിയം ഹെല്‍മെറ്റ് രതീഷിനു സമ്മാനിച്ചു.
മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ. കൃഷ്ണകുമാര്‍, എകെസിഡിഎ സെക്രട്ടറി സി.വി. ജോസി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി. ബേബി എന്നിവര്‍ വിശിഷ്ടാതിഥികള്‍ക്ക് ഫെയ്സ് മാസ്ക് ബോക്സുകള്‍ നല്‍കി സ്വീകരിച്ചു.

മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഖജാന്‍ജി എം.വി. കുഞ്ഞാമു മുഖ്യാതിഥി ബഹുമാനപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന് പൊന്നാട നല്‍കി ചടങ്ങില്‍ ആദരിച്ചു. രൂപേഷ് കോളിയോട്ട്, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി കണ്‍വീനര്‍ എം.സി. ജോണ്‍സന്‍, സ്മാള്‍ സ്കെയില്‍ ബില്‍ഡിങ് ഓണേഴ്സ് സെക്രട്ടറി കെ. സലീം, ഡിസ്ട്രിക്‌ട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി എം.കെ. ബിജു, പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റര്‍ സി.സി. മനോജ്, രമ്യ രതീഷ്, പ്രീമ മനോജ്, ടി.രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തറയില്‍ രതീഷ് സ്വീകരണത്തിന് സമുചിതമായി മറുപടി പറഞ്ഞു. ക്യാഷ് അവാര്‍ഡും, സ്വര്‍ണ്ണ നാണയവും പ്രതീക്ഷിച്ചല്ല കാര്യങ്ങള്‍ ചെയ്തതെന്നും ആദരവും സമ്മാനങ്ങള്‍ക്കും വളരെ സന്തോഷവും, നന്ദിയും ഉണ്ടെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി സ്വാഗതവും, കണ്‍വീനര്‍ പി.ഐ. അജയന്‍ നന്ദിയും രേഖപ്പെടുത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ അതിഥികള്‍ക്കും ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ സദസിനെ അറിയിച്ചു.

Related Articles

Back to top button