KeralaLatest

കോവിഡ് പ്രതിരോധം;ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കണം:മുല്ലപ്പള്ളി

“Manju”

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളം സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണ്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ വിശ്വാസത്തിലെടുക്കാതെയുള്ള സര്‍ക്കാരിന്റെ പോക്ക് അപകടമാണ്.കോവിഡ് രോഗത്തിന്റെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്.കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ ഈ അവസ്ഥയെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ വ്യാപകപരിശോധന വേണമെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് ചെവിക്കൊണ്ടില്ല.കോവിഡ് രോഗപ്രതിരോധത്തിലെ യഥാര്‍ത്ഥ പോരാളികളായ ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്. ഇതുവരെ എത്ര രോഗികളുടെ പരിശോധന പൂര്‍ത്തിയാക്കിയെന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അത് പരിഗണിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നത് നിരാശാജനകമാണ്.

കോവിഡ് രോഗികളുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതില്‍ സുതാര്യതയില്ലെന്ന വിമര്‍ശനവും ഐ.എം.എ കേരള ഘടകം ഉയര്‍ത്തുന്നുണ്ട്. ഇത് ഗുരുതരമായ ആക്ഷേപമാണ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങള്‍,രോഗവ്യാപനം, ചികിത്സ എന്നിവയെ സംബന്ധിച്ച ഡാറ്റ ആരോഗ്യവിദഗ്ദ്ധര്‍ക്ക് പങ്കുവയ്ക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്ന കോവിഡ് രോഗികളില്‍ 70 ശതമാനം പേരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടായി. ഏകോപനമില്ലായ്മ ഇതില്‍ പ്രകടമാണ്. ഇത് വലിയ അപകടത്തിലേക്ക് നയിക്കും. വാണിജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തി സ്പ്രിങ്കളര്‍ എന്ന സ്വകാര്യ വിവാദ അമേരിക്കന്‍ കമ്പനിയുമായി കോവിഡ് രോഗികളുടെ ഡാറ്റ കച്ചവടത്തിന് തയ്യാറായ സര്‍ക്കാരാണ് കേരളത്തിലെ ആരോഗ്യവിദഗ്ദ്ധര്‍ക്ക് വിവരങ്ങള്‍ കൈമാറാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡോക്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി വെറുതെ സ്തുതിവാക്കുകള്‍ പറയുകയല്ല മറിച്ച് ക്രിയാത്മക ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. മഹാമാരിക്കെതിരെ പോരാട്ടം നടത്തിയ ഡോക്ടമാര്‍ ഇന്ന് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഒരു മണിക്കൂര്‍ അധികം ജോലി ചെയ്ത് സഹനദിനം ആചരിക്കുകയാണ്. അവരുടെ പ്രതീകാത്മമായ നിശബ്ദ സമരത്തിന്റെ സന്ദേശം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം.ആരോഗ്യപ്രവര്‍ത്തകരോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ കാട്ടിയത് ശമ്പളം പിടിച്ചും മതിയായ വിശ്രമം അനുവദിക്കാതെയും ഇന്‍സന്റീവ് നിഷേധിച്ചുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Related Articles

Back to top button