IndiaLatest

ഗ്യാസ് സബ്സിഡി; കേരളത്തിന് നഷ്ടം 1050. 46 കോടി

“Manju”

തിരുവനന്തപുരം: പാചകവാതക സബ്സിഡി കിട്ടുന്നില്ലെന്ന പരാതിയുമായി മല്ലടിക്കുന്നവര്‍ അറിയുക ‘സബ്സിഡി കിട്ടില്ല’. കൊവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ വര്‍ഷം മേയില്‍ അതു നിറുത്തലാക്കി.  കൊവിഡ് മഹാമാരിയുടെ ദുരിതകോലാഹലങ്ങളുടെ മറവില്‍ അധികമാരും അറിയാതെ ഗാര്‍ഹിക പാചകവാതകത്തിന്റെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിറുത്തലാക്കിയപ്പോള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇക്കൊല്ലം ഇതുവരെ നഷ്‌ടമായത്1050.46 കോടി രൂപ.  സംസ്ഥാനത്തെ 80.70 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ വരേണ്ടിയിരുന്ന തുകയാണിത്. ഗ്യാസ് സബ്സിഡി അക്കൗണ്ടില്‍ വരുന്നില്ലല്ലോ? എന്നു വരും? എന്ന് ചോദിച്ച്‌ നിരവധി ഉപഭോക്താക്കള്‍ ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുണ്ട്. ‘സബ്സിഡിയൊക്കെ നിറുത്തി’ എന്ന് ജീവനക്കാര്‍ പറഞ്ഞാലും പലര്‍ക്കും വിശ്വാസമാകുന്നില്ല.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ 2020 മേയ് മുതലാണ് കേന്ദ്രം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്ഡിഡി പൂര്‍ണമായും നിറുത്തലാക്കിയത്. ഒരു വര്‍ഷം സബ്സിഡി ഒന്‍പത് സിലിണ്ടറിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സാമ്പത്തികശേഷി ഉള്ളവര്‍ സബ്സിഡി ഉപേക്ഷിക്കണമെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡിന്റെയും ഉത്തേജക പാക്കേജുകളുടെയും കോലാഹലത്തില്‍ ഏറെപ്പേരൊന്നും അത് ശ്രദ്ധിച്ചില്ലെന്നു മാത്രം.
സംസ്ഥാനത്ത് 85.2 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. അതില്‍ നാലര ലക്ഷം പേര്‍ കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച്‌ സബ്സിഡി ഉപേക്ഷിച്ചു. ബാക്കി 80.70 ലക്ഷം ഉപഭോക്താക്കളില്‍ മിക്കവരും സബ്സിഡി പണം അക്കൗണ്ടില്‍ ഇന്നു വരും നാളെ വരും എന്നു പ്രതീക്ഷിച്ചു കഴിയുന്നവരാണ്.
ഗാര്‍ഹിക സിലിണ്ടറിന് വിലയുടെ 40 ശതമാനം വരെ സബ്സിഡി നേരത്തേ ലഭിച്ചിരുന്നു. ഗ്യാസ് വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചപ്പോഴായിരുന്നു ഈ ആനുകൂല്യം. ഏറ്റവും ഒടുവില്‍ സബ്സിഡി ലഭിച്ച 2020 ഏപ്രിലില്‍ വിലയുടെ 20.64% ആയിരുന്നു സബ്സിഡി. ഈ വര്‍ഷം ഇതുവരെയുള്ള എട്ട് മാസത്തെ സബ്സിഡി 20 ശതമാനമായി കണക്കാക്കുമ്പോഴാണ് 1050.46 കോടിയുടെ നഷ്ടം.

Related Articles

Back to top button