KeralaLatest

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഊര്‍ജ്ജ ഡയറിയുമായി ഊര്‍ജ്ജയാന്‍

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

നിത്യ ജീവിതത്തില്‍ നമ്മള്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം എത്ര? എങ്ങനെ? തുടങ്ങി വിവരങ്ങള്‍ അറിയാനും രേഖപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജയാന്‍ ഊര്‍ജ്ജ ഡയറി. കേരളത്തില്‍ ആദ്യമായാണ് കുട്ടികള്‍ക്കായി ഒരു ഊര്‍ജ്ജ ഡയറി തയ്യാറായിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് ഭാവിതലമുറയെ ഊര്‍ജ്ജോപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഊര്‍ജ്ജഡയറിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നടപ്പിലാക്കി വരുന്ന ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ഭാഗമായാണ് ഡയറി പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വീടുകളിലെ ഊര്‍ജ്ജ ഉപയോഗം, ഊര്‍ജ്ജ സര്‍വേ, ഓഡിറ്റ് എന്നിവ നടത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഊര്‍ജ്ജ ഡയറി. 2020ല്‍ ജില്ലയിലെ ആറായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഹോം എനര്‍ജി സര്‍വേ, ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ സര്‍വേ എന്നിവ സംഘടിപ്പിച്ചിരുന്നു.സര്‍വേകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ട് വച്ച ആശയമാണ് ചെറിയ ഒരു കൈപുസ്തകം.നിലവില്‍ സോഫ്റ്റ് കോപ്പി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച് നല്‍കി അവര്‍ തന്നെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്.

ഊര്‍ജ്ജ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, വീടുകളിലെ ഊര്‍ജ്ജ ഉപയോഗം, എത്ര ഊര്‍ജ്ജം ചെലവാകുന്നുവെന്ന കണക്ക് കണ്ടു പിടിക്കാനുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്ഡയറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ ആദ്യമായാണ് ഒരു ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി പദ്ധതി തയ്യാറാക്കുന്നത്. വീടുകളിലെ വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ ഇത്തരം പ്രവര്‍ത്തനം കൊണ്ട് സാധിക്കും. മികച്ച രീതിയില്‍ ഊര്‍ജ്ജം സംരക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെപ്രത്യേക അനുമോദനവും സംഘടിപ്പിക്കുമെന്ന് ജില്ല കോര്‍ഡിനേറ്റര്‍ ഡോ.ടി വി വിമല്‍കുമാര്‍ പറഞ്ഞു.

വൈദ്യുതി ഉപയോഗം മാതാപിതാക്കളുടെ സഹായത്തോടെ രേഖപ്പെടുത്താനുള്ള നിര്‍ദേശമാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുദിവസത്തെ വൈദ്യുതി ഉപയോഗം തുടങ്ങുന്നതും അവസാനിക്കുന്നതുമായ നമ്പര്‍ രേഖപ്പെടുത്തണം. എല്ലാ ദിവസത്തെയും വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുന്നത് കൂടുതല്‍ മികച്ചതാണ്. അല്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് ഒരു ആഴ്ചയിലെ എങ്കിലുംരേഖപ്പെടുത്തണം. വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതിന് ശേഷം, ഉപയോഗം വീട്ടില്‍ ചര്‍ച്ച ചെയ്തു കുറക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക,പ്രവര്‍ത്തനം കൊണ്ട് വൈദ്യുതി ഉപയോഗം മുന്‍ മാസത്തേതില്‍ നിന്ന് കുറവ് വന്നിട്ടുണ്ടോയെന്ന് ഓരോ മാസം കഴിയുമ്പോഴോ രണ്ടുമാസം കഴിയുമ്പോഴോ പരിശോധിക്കുക എന്നതാണ് നിര്‍ദേശങ്ങള്‍. ഏതൊക്കെ ഉപകരണങ്ങള്‍ എത്ര മാത്രം ഊര്‍ജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വിശദാംശങ്ങളും ഇതിലുണ്ട്.വീടുകളിലെ ഊര്‍ജ്ജോപയോഗം വൈകീട്ട് ആറ് മുതല്‍ 10 വരെ സ്വയം നിയന്ത്രിച്ച് കൂട്ടായ്മയില്‍ അംഗമാകാനും കുട്ടികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

സുസ്ഥിര ജീവിതം ഊര്‍ജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ലക്ഷ്യം.കയ്പമംഗലം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും. നിലവില്‍പുതുക്കാട്, ഇരിങ്ങാലക്കുട, ഒല്ലൂര്‍, മണലൂര്‍ എന്നീ മണ്ഡലങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

Related Articles

Back to top button