IndiaKeralaLatest

ഡൽഹിയിൽ ശ്മശാനങ്ങളില്‍ ടോക്കണ്‍

“Manju”

ഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ പ്രതിദിന മരണനിരക്ക് കുത്തനെ ഉയര്‍ന്നതോടെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങളുമായി തങ്ങളുടെ ഊഴവും കാത്തുനില്‍ക്കുന്നവര്‍ കണ്ണീര്‍ കാഴ്ചയാകുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.
ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേര്‍ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്. സജീവ കോവിഡ് കേസുകളുടെ എണ്ണം 97,977.
മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുന്നത് തുടരുകയാണ്.
മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ആവശ്യത്തിനു വിറകില്ലെന്നും ഉടന്‍ വിറകനുവദിക്കണമെന്നും ആവശ്യപ്പെട്ട് നോര്‍ത്ത് ഡല്‍ഹി മേയര്‍ ജയപ്രകാശ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തയച്ചതും ഡല്‍ഹിയുടെ ദയനീയ മുഖം വെളിപ്പെടുത്തുന്നു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ ദിനംപ്രതി 20 മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്ന സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളില്‍ ദഹിപ്പിക്കേണ്ടി വരുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നു ജീവനക്കാര്‍ പറയുന്നു. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

Related Articles

Back to top button