InternationalLatest

അറ്റ്‌ലാന്റ മൃഗശാലയില്‍ 13 ഗൊറില്ലകള്‍ക്ക് കോവിഡ്

“Manju”

അറ്റ്‌ലാന്റ: ജോര്‍ജിയയിലെ അറ്റ്‌ലാന്റ ദേശിയോദ്യാനത്തിലെ 13 ഗൊറില്ലകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൃഗശാലയിലെ 60 വയസുള്ള ഓസിയെന്ന ഗൊറില്ലയടക്കമുള്ള 13 എണ്ണത്തിനാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ 20 ഗൊറില്ലകളാണ് ഉള്ളത്.
ഗൊറില്ലകള്‍ക്ക് ചുമയും ജലദോഷവും ഭക്ഷണത്തിനോടുള്ള മടുപ്പും ഉള്ളതായി വെള്ളിയാഴ്ച മൃഗശാല ജീവനക്കാര്‍ ശ്രദ്ധിച്ചു. പിന്നാലെയാണ് സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ജീവനക്കാരില്‍ നിന്നാകാം ഇവയ്ക്കും വൈറസ് ബാധയുണ്ടായത് എന്നാണ് നിഗമനം.
ജോര്‍ജിയ സര്‍വകലാശാലയുടെ വെറ്റിനറി ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് 20ല്‍ 13 ഗൊറില്ലകള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ ദേശീയ വെറ്ററിനറി ലാബുകളിലേക്ക് അയച്ചതായി മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
60കാരനായ ഒസിയ്ക്ക് വൈറസിന്റെ സങ്കീര്‍ണതകള്‍ കൂടുതല്‍ നേരിടേണ്ടി വരുമോയെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. ഇവയെ പ്രത്യേകം പ്രത്യേകം നിരീക്ഷണത്തില്‍ വയ്ക്കുക എന്നതും വെല്ലുവിളിയാണ്. ഗൊറില്ലകള്‍ക്കും മൃഗശാലയിലെ മറ്റ് ജീവജാലങ്ങള്‍ക്കും ഉടന്‍ തന്നെ വാക്‌സിന്‍ നല്‍കാനുള്ള ശ്രമം ആരംഭിക്കുമെന്നും മൃഗശാല അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button