LatestThiruvananthapuram

വര്‍ക്കലയില്‍ രംഗകലാകേന്ദ്രം സജ്ജമായി

“Manju”

വര്‍ക്കല ; കേരളത്തിന്റെ കലാരൂപങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കേരളത്തനിമയുടെ മാറ്റില്‍ വര്‍ക്കലയില്‍ രംഗകലാകേന്ദ്രം സജ്ജമായി. ലോക സാംസ്‌കാരികകേന്ദ്രമാക്കി വര്‍ക്കലയെ മാറ്റാന്‍ ഒരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സംരംഭമാണ് രംഗകലാകേന്ദ്രം. പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെപ്പറ്റി പഠനാന്വേഷകര്‍ക്ക് കളമൊരുക്കുന്നതുമാണ് ഈ കേന്ദ്രം.

നാടന്‍ കലകളുടേയും ആയോധനകലകളുടേയും സംസ്‌കാരവും പൈതൃകവും തനത് ടൂറിസവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് കലാകേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തില്‍ അന്യം നിന്നുപോകുന്ന പരമ്പരാഗത കലകളേയും ഗിരിവര്‍ഗ്ഗ കലാരൂപങ്ങളെയും സംരക്ഷിക്കുന്നതിനും ക്ലാസ്സിക്കല്‍ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന കേന്ദ്രമാണ് വര്‍ക്കലയില്‍ രൂപം കൊള്ളുന്നത്.

ടൂറിസം വകുപ്പിന്റെ കീഴിലുള്ള വര്‍ക്കലയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് പരിസരത്ത് മൂന്നേകാല്‍ ഏക്കര്‍ സ്ഥലത്താണ് രംഗകലാ കേന്ദ്രം പണിക്കഴിപ്പിച്ചിരിക്കുന്നത്. 13,000 ചതുരശ്ര അടിയിലാണ് കേരളത്തനിമയില്‍ രംഗകലാകേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള അവതരണവേദി, കളരിത്തറ, 2000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ചുവര്‍ചിത്രം, കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആനപ്പള്ള ചുറ്റുമതില്‍, താമരക്കുളം, ആംഫിതിയേറ്റര്‍, ആമ്പല്‍കുളം, കാവ്, പാരമ്പര്യ കലകളെക്കുറിച്ചുള്ള കലാപഠനകേന്ദ്രം എന്നിവ പൂര്‍ത്തിയായി. കണ്‍വെന്‍ഷന്‍ സെന്റര്‍, ഓഡിറ്റോറിയം, ആയുര്‍വേദ ചികിത്സാകേന്ദ്രം, ഓര്‍ഗാനിക്ക് ഗാര്‍ഡന്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഭാവിയില്‍ നിര്‍മ്മിക്കും. 15 കോടിയാണ് നിര്‍മ്മാണ ചെലവ്.

വിദേശികള്‍ക്കും സ്വദേശികള്‍ക്കും കേരളത്തിന്റെ തനതായ കലകള്‍ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യമുണ്ട്. പാരമ്പര്യ, ആധുനിക കലകളുടെ താരതമ്യപഠനത്തിനും അവസരമുണ്ട്. കേരളീയ വാസ്തുശൈലിയിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അലങ്കാര തടിപ്പണികള്‍, മ്യൂറല്‍ പെയ്ന്റിംഗ് എന്നിവയുമുണ്ട്. ഇന്ത്യയിലെ പ്രഥമ പൊതുമേഖലാ സംരംഭമായ ഈ കേന്ദ്രം ഭാവിയില്‍ മറ്റു രാജ്യങ്ങളിലുള്ള സമാന സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ക്കലയിലെ കലാകേന്ദ്രത്തിന്റെ ആശയത്തെ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ ഇരുന്നൂറോളം ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥികള്‍ ഗവേഷണ വിഷയമാക്കിയിട്ടുണ്ട്. കൂടിയാട്ടത്തിന് പുറമേ, കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കലാരൂപങ്ങളെ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമവും രംഗകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴില്‍ വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലെപ്മെന്റ് കോര്‍പ്പറേഷന്‍ വഴി നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് വര്‍ക്കലയിലെ രംഗകലാകേന്ദ്രം. ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പ്രശസ്ത ആര്‍ക്കിടെക്റ്റ് ബി.സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഏഴംഗ സമിതിക്കാണ് കലാകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്, സൂര്യ കൃഷ്ണമൂര്‍ത്തി, ബോസ് കൃഷ്ണമാചാരി, എ.മീര സാഹിബ്, കെ.എസ്.ശ്രീനിവാസ് ഐ.എ.എസ് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. വി.രാമചന്ദ്രന്‍ പോറ്റി എക്സിക്യൂട്ടീവ് ഡയറക്ടറായും ചുമതല വഹിക്കുന്നു.

Related Articles

Back to top button