IndiaLatest

ഇന്ന് ഭഗത് സിംഗിന്റെ 114-ാം ജന്മദിനം

“Manju”

ന്യൂഡല്‍ഹി: ഭഗവത് ഗീതയുമേന്തി കൊലക്കയറിലേക്ക് കഴുത്ത് വച്ച്‌ ധീരോദാത്തമായി ഈന്‍ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് മുഴക്കി മരണത്തെ പുല്‍കിയ യുവ വിപ്ലവ കേസരി ഭഗത് സിംഗിന്റെ 114-ാം ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെല്ലാം ഭഗത് സിംഗിന് ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

യുവ പോരാളിയായിരുന്ന ഭഗത് സിംഗിന്റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ വഴിത്താരയാണ് തുറന്നത്. ഭഗത് സിംഗിന്റെ ദേശസ്‌നേഹം, ധൈര്യം, ഭാരതീയ മാനുഷികതയോടുള്ള അത്യഗാധമായ കൂറ് ഇവയോര്‍ക്കുമ്പോള്‍ ഇത്രമേല്‍ ആഴത്തിലുള്ള കാവ്യാത്മകമോ കാല്‍പനികോജ്ജ്വലമോ ആയ ധന്യ ജീവിതം മറ്റാര്‍ക്കും ഉണ്ടായിട്ടില്ല.

വിപ്ലവ സ്വാതന്ത്ര്യസമര സേനാനിയുടെ ചില വാക്കുകള്‍:

‘എന്റെ മനസ്സ് സ്വരാജ്യത്തിന്റേതാവട്ടെ, എന്റെ ശരീരം സ്വരാജ്യത്തിന്റേതാവട്ടെ!

ഞാന്‍ മരിച്ചാല്‍ എന്റെ ശവക്കച്ച പോലും സ്വരാജ്യത്തിന്റേതാവട്ടെ

‘വ്യക്തികളെ കൊല്ലുന്നത് എളുപ്പമാണ്, പക്ഷേ നിങ്ങള്‍ക്ക് ആശയങ്ങളെ കൊല്ലാന്‍ കഴിയില്ല.’

‘അവര്‍ എന്നെ കൊന്നേക്കാം, പക്ഷേ അവര്‍ക്ക് എന്റെ ആശയങ്ങളെ കൊല്ലാന്‍ കഴിയില്ല. അവര്‍ക്ക് എന്റെ ശരീരം തകര്‍ക്കാന്‍ കഴിയും, പക്ഷേ അവര്‍ക്ക് എന്റെ ആത്മാവിനെ തകര്‍ക്കാന്‍ കഴിയില്ല.

1907 സെപ്റ്റംബര്‍ 28 ന് പടിഞ്ഞാറന്‍ പഞ്ചാബിലെ ലിയാല്‍പൂരിലാണ് ഭഗത് സിംഗിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് ഭരണത്തിനെതിരായ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനു പുറമേ, പഞ്ചാബി, ഉറുദു ഭാഷാ പത്രങ്ങളുടെ എഴുത്തുകാരനായും എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. സാമ്രാജ്യം ഒരു ഭീഷണിയായി കണ്ട സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങള്‍ വളരെയധികം പ്രചാരം നേടിയിരുന്നു.

ഒടുവില്‍, ബ്രിടീഷുകാര്‍ സഹവിപ്ലവകാരികളായ രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്കൊപ്പം ഭഗത് സിംഗിന് വധശിക്ഷ വിധിക്കുകയും അവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി ഉപേക്ഷിക്കുകയും ചെയ്തു.
ബ്രിടീഷ് പൊലീസ് ഓഫിസര്‍ ജെപി സൗന്‍ഡേഴ്‌സിന്റെ കൊലപാതകത്തിനാണ് ഇവരെ തൂക്കിലേറ്റിയത്.
സാമ്രാജ്യത്തിന്റെ ഈ നീക്കം ഈ യുവ സ്വാതന്ത്ര്യസമര സേനാനികളെ കൂടുതല്‍ ജനപ്രിയമാക്കുകയും അവരുടെ പേരുകള്‍ അനശ്വരമാക്കുകയും ചെയ്തു.

Related Articles

Back to top button