KeralaLatest

പ്രണയക്കൊല പരമ്പരയാകുന്നു.

“Manju”

കോട്ടയം: പ്രണയ നൈരാശ്യം എന്ന മാനസിക ദുര്‍ബലതയുടെ പേരില്‍ പണ്ടും പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇത് വർദ്ധിച്ചിരിക്കുന്നു. പെൺകുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. ഇന്നു പാലായില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനി കഴുത്തറുത്തു കൊലപ്പെടുത്തിയപ്പോള്‍ രണ്ടു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമായി മാറുന്നു ഇത്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് ഇന്നു പാലായില്‍ സെന്‍റ് തോമസ് കോളജിലേക്കുള്ള വഴിയില്‍ കൊല്ലപ്പെട്ടത്. നിർദ്ധനയും, ഏകയുമായി ഒരു അമ്മയുടെ ഏക ആശ്രയമായിരുന്നു അവൾ.  പഠനവും സാമൂഹ്യപ്രവർത്തനവും പൊതു പ്രവർത്തനവുമെല്ലാം ഒപ്പം കൊണ്ടുപോയിരുന്ന അവൾക്കും ഈ കുരുക്കിൽ നിന്ന് രക്ഷപെടാനായില്ല.

കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി ഡെന്‍റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ മാനസ(24) വെടിയേറ്റു മരിച്ചത്. കണ്ണൂര്‍ നാറാത്ത് സ്വദേശിനിയായിരുന്നു. തലേശേരി മേലൂര്‍ സ്വദേശി രഖില്‍ (32) മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

കേരളം കണ്ടുകൊണ്ടിരിക്കുന്നത് പ്രണയപ്പകയുടെ പൈശാചിക രൂപമാണ്. ഒറ്റപ്പെട്ട സംഭവങ്ങളില്‍നിന്ന് അതൊരു പരമ്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകം. സാമൂഹ്യ അവബോധം ആൺകുട്ടികളിലും പെൺകുട്ടികളിലും വളർത്തിയെടുക്കേണ്ടിയിരിക്കുന്നുവെന്നൊക്കെ നമ്മൾ ചർച്ച ചെയ്യുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഓരോപെൺകുട്ടിയും താൻ അടുക്കുന്ന പുരുഷനോട് ഒരകലം എല്ലായിടത്തും സൂക്ഷിക്കേണ്ടിയിരിക്കുന്നു.  പരസ്പരം  മനസ്സിലാക്കുകയും വിട്ടുവീഴ്ചയും ചെയ്യുന്ന ഇടങ്ങളായി നമ്മുടെ പ്രണയിക്കുന്ന മനസ്സുകൾ മാറട്ടെ.. എങ്കിൽ മാത്രമെ നഷ്ടപ്പെടുന്നവരുടെ വേദനകൾ ഇല്ലാതാവുകയുള്ളൂ.. വളർത്തി വലുതാക്കിയവർ കാണുന്ന സ്വപ്നങ്ങൾക്കും നിറമുണ്ടാകട്ടെ..

Related Articles

Back to top button