LatestThiruvananthapuram

പ്രിയയുടെ പകരം വെക്കാനില്ലാത്ത സേവനത്തിന് ദേശീയാംഗീകാരം

“Manju”

തിരുവനന്തപുരം: ഇന്ത്യയുടെ കൊറോണ പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് വാക്‌സിനേഷനാണ്. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും കൊറോണ മുന്നണിപോരാളികളും അഹോരാത്രം പ്രയത്‌നിക്കുന്നതിന്റെ ഫലമാണ് കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ കുതിപ്പ് തുടരുന്നതിന്റെ പ്രധാന കാരണം.

ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ ടി ആര്‍ പ്രിയയും കൊറോണ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. 488 സെഷനുകളിലായി പ്രിയ ഇത് വരെ നല്‍കിയത് 1,33,161 ഡോസ് കൊറോണ വാക്‌സിനാണ്. പതിമൂന്ന് മാസങ്ങള്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കിയ പ്രിയയെ തേടി കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരം എത്തിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മികച്ച വനിതാ വാക്‌സിനേറ്റര്‍ക്കുള്ള പുരസ്‌കാരം ആണ് പ്രിയയെ തേടിയെത്തിയത്.

സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്‌ക്ക് ഡ്യൂട്ടി. ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍ സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇതിനിടെ നൂറ് മുതല്‍ ആയിരം വരെ കുത്തിവെയ്പ്പുകള്‍ നടത്തിയ ദിവസങ്ങളുണ്ടായെന്ന് പ്രിയ പറയുന്നു.

മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍ സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് പ്രിയ താമസിക്കുന്നത്. ലോകവനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം ഏറ്റ് വാങ്ങും.

Related Articles

Back to top button