Auto

‘പഞ്ച്’; പുതിയ വാഹനം ഔദ്യോഗികമായി പുറത്തിറക്കി ടാറ്റ

“Manju”

മുംബൈ: ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് പുതിയ കുഞ്ഞൻ എസ് യുവിയായ പഞ്ച് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്. ക്രിയേറ്റീവ്, അഡ്വൻജർ, പ്യുവർ, അകമ്പ്‌ലിഷ്ഡ് എന്നീ നാല് വെരിയന്റുകളിലാണ് പഞ്ച് പുറത്തിറക്കിയിരിക്കുന്നത്. ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വേജിൽ ടാറ്റയുടെ ആൽഫ-ആർക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ എസ് യുവിയാണ് പഞ്ച്.

7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 366 ലിറ്റർ ബൂട്ട് സ്‌പെയ്‌സ്, നീല നിറത്തിലുള്ള ക്യാബിൻ എന്നിവയാണ് വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതകൾ. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മീറ്റിയോർ ബ്രോൺസ്, ട്രോപിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ് എന്നീ നിറങ്ങളിലാണ് പഞ്ച് എത്തുന്നത്.

ടാറ്റാ ആൾട്രോസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പഞ്ചിന്റെ നിർമ്മാണവും പൂർത്തിയാക്കിയിരിക്കുന്നത്. 16-ഇഞ്ച് ടയറുകൾ, 187 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 90-ഡിഗ്രി തുറക്കാൻ സാധിക്കുന്ന ഡോറുകൾ, ഡ്യുവൽ എയർ ബാഗുകൾ എന്നിവയും പഞ്ചിന്റെ മാറ്റ്കൂട്ടുന്നു.

1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 16.5 സെക്കന്റ് മാത്രമാണ് പഞ്ചിനാവശ്യം. വാഹനം പുറത്തിറക്കി ആറ് മാസങ്ങൾക്കുള്ളിൽ എസ് യുവിയുടെ എഎംറ്റി ട്രാൻമിഷൻ ഓപ്ഷൻ പുറത്തിറക്കുമെന്നാണ് ടാറ്റാ ഉറപ്പ് നൽകുന്നത്.

പഞ്ചിന്റെ ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. 21,000 രൂപയ്‌ക്ക് ഓൺലൈനായി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൽ ഒരുക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കി. ദീപാവലിയോടനുബന്ധിച്ച് പഞ്ചിന്റെ ഡെലിവറി ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

Related Articles

Back to top button