Auto

ഇന്ത്യയുടെ സ്വന്തം മാരുതി 800; ചരിത്രത്തിൽ ഇടംപിടിച്ച വാഹനം

“Manju”

ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് പോലെ കാലം എത്ര കഴിഞ്ഞാലും പ്രൗഢിയ്‌ക്ക് യാതൊരു കുറവും സംഭവിക്കാത്ത വാഹനമാണ് മാരുതി 800. പണ്ടൊരു കാലത്ത് നിരത്തുകളിൽ രാജകീയ പദവി ലഭിച്ചിരുന്ന ഈ കരുത്തനായ കുഞ്ഞൻ കാറിന്റെ 40 വർഷം നീണ്ട ചരിത്രത്തിലേയ്‌ക്ക് ഒരു തിരനോട്ടം

1983 ഡിസംബർ 14, ഇന്ത്യയിലെ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗിന്റെ ജീവിതത്തിലെ അഭിമാന നിമിഷമായിരുന്നു അന്ന്. ഇന്ത്യയിൽ മാരുതി ഉദ്യോഗ് നിർമ്മിച്ച ആദ്യത്തെ ചെറിയ കാർ, മാരുതി 800 ന്റെ താക്കോൽ ലഭിച്ച സുദിനമായിരുന്നു അത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 10 പേർക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കാറിന്റെ താക്കോൽ കൈമാറിയത്. അന്ന് താക്കോൽ ഏറ്റുവാങ്ങിയ ഹർപാൽ അറിഞ്ഞില്ല താൻ ഇതിലൂടെ ചരിത്രത്തിന്റെ ഭാഗമാകുകയാണെന്ന്.

ജപ്പാനിലെ സുസുക്കി മോട്ടോർ കമ്പനിയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമായ മാരുതി ഉദ്യോഗ് ലിമിറ്റഡ് 1983 ഏപ്രിൽ 9 -ന് മാരുതി 800 ന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ജൂൺ 8 -ഓടെ, അല്ലെങ്കിൽ വെറും രണ്ട് മാസത്തിനുള്ളിൽ കമ്പനിക്ക് 1.35 ലക്ഷത്തിലധികം യൂണിറ്റുകളുടെ ഓർഡറുകൾ ലഭിച്ചു . ഇത് കമ്പനിയുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു.

അംബാസഡറിനെയും പ്രീമിയർ പത്മിനിയെയും വെല്ലുവിളിച്ച് മാരുതി 800 അക്കാലത്ത് ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഒരു വിപ്ലവം തന്നെ കൊണ്ടുവന്നു. ലാളിത്യം, കാര്യക്ഷമത, മികച്ച പ്രകടനം, പൊരുത്തപ്പെടുത്തൽ എന്നിവ കാരണം കാർ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വലിയ വിജയമായി. സമാരംഭിക്കുമ്പോൾ, 800 ന്റെ വില 52,500 രൂപയായിരുന്നു. പിന്നീട് മോഹ വില നൽകി ആളുകൾ ഈ കുഞ്ഞനെ സ്വന്തമാക്കാൻ തുടങ്ങി.

സ്വദേശി കാറിന് വിദേശ എഞ്ചിൻ ഇറക്കുമതി കൂടാതെ ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉപയോഗിച്ചുള്ള കാർ എന്ന ലക്ഷ്യവുമായി പിറന്ന മാരുതിയുടെ 800ന് ആദ്യം ടു സ്‌ട്രോക്ക് എഞ്ചിനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി ഫോർ സ്‌ട്രോക്ക് എഞ്ചിനാക്കി. അഹമ്മദാബാദിലെ വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് ടെസ്റ്റിനായി അയച്ച കാറിലുണ്ടായിരുന്നത് ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത എഞ്ചിനായിരുന്നു. 1974 ഫെബ്രുവരി 10 നാണ് പരീക്ഷണ ഓട്ടത്തിനായി മാരുതി അഹമ്മദാബാദിലെത്തിയത്. റോഡിലോടാൻ പറ്റിയതാണെന്ന സാക്ഷ്യപത്രം നേടുന്നതിൽ വാഹനം അന്ന് പരാജയപ്പെടുകയായിരുന്നു.

അതിനുശേഷം മാറ്റങ്ങൾ വരുത്തി പുനഃനിർമ്മിച്ച വാഹനം പിന്നീട് വാനോളം ഉയരുകയായിരുന്നു. പരിപാലനത്തിന്റെ എളുപ്പം തന്നെയാണ് ഈ കുഞ്ഞനെ റെക്കോർഡ് വിൽപനയിലേയ്‌ക്ക് എത്തിച്ചത്.

ആ കാലഘട്ടത്തിൽ 800 സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് ചിഹ്നമായി മാറി. ഇന്ത്യയിലെ പല പ്രമുഖ വ്യക്തികളും അക്കാലത്ത് വാഹനം സ്വന്തമാക്കി. ഏത് ഇടവഴികളിലൂടെയും നിഷ്പ്രയാസം കടന്നു പോകുന്ന വാഹനം ജനങ്ങളെ കൂടുതൽ ആകർഷിക്കുകയായിരുന്നു. ലക്ഷങ്ങൾ വരുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റിയ 800 ആഡംബര വാഹനം എന്നപോലെ വാഹനപ്രേമികളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചു. വാഹനത്തിന്റെ കാര്യക്ഷമത മൂലം പാകിസ്താനിൽ കള്ളന്മാർ ഏറ്റവും അധികം മോഷ്ടിച്ചിരുന്ന വാഹനമായിരുന്നു മാരുതി 800.

2014 ൽ ഏതാണ്ട് 31 വർഷങ്ങൾക്ക് ശേഷം 27 ലക്ഷത്തിലധികം യൂണിറ്റുകളുടെ വൻ വിൽപനയ്‌ക്ക് ശേഷം, പുതുക്കിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ 800ന്റെ എഞ്ചിനിൽ പരിഷ്‌കരണങ്ങൾ വരുത്താൻ മാരുതി തയ്യാറാകാതെയായി. ഇതു മൂലം 2016ൽ കമ്പനി ഈ മോഡലിന്റെ വിൽപ്പന അവസാനിപ്പിക്കുകയായിരുന്നു. ഇത് ഒരു യുഗത്തിന്റെ അവസാനമായാണ് കണക്കാക്കുന്നത്.

Related Articles

Back to top button