KeralaLatest

അന്തര്‍ദേശീയ അധോലോകം മുതല്‍ സ്കൂള്‍ കുട്ടികള്‍വരെ കണ്ണികള്‍

“Manju”

കൊച്ചി: നാടിന്റെ ഭാവിയെതന്നെ അപകടത്തിലാക്കുന്ന നിലയില്‍ ബാല്യ കൗമാരങ്ങള്‍ക്ക് കെണിയൊരുക്കുകയാണ് ലഹരി മാഫിയ. ശതകോടികള്‍ മറിയുന്ന മയക്കുമരുന്നുവിപണിയില്‍ അന്തര്‍ദേശീയ അധോലോകംമുതല്‍ സ്കൂള്‍ കുട്ടികള്‍വരെ കണ്ണികളാണ്. മയക്കുമരുന്നു വിറ്റ് പണം സമ്ബാദിക്കുന്ന ഭീകരസംഘടനകളും കടത്തുസംഘങ്ങളും കുറ്റത്തിന്റെ ഗൗരവം അറിഞ്ഞുതന്നെയാണ് കൃത്യം ചെയ്യുന്നത്. എന്നാല്‍ കൗതുകത്തിനായി ലഹരി ഉപയോഗിച്ചുതുടങ്ങുകയും അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും പലപ്പോഴും ഈ കുറ്റത്തിന്റെ ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയുന്നില്ല.

വളര്‍ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളിലുണ്ടാകുന്ന ദൗര്‍ബല്യങ്ങളെ മുതലെടുത്ത്, തങ്ങളുടെ വലയില്‍ കുടുക്കുകയെന്ന തന്ത്രമാണ് ലഹരി വ്യാപാരികള്‍ പ്രയോഗിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ള ഫോണും ഇരുചക്രവാഹനവും മറ്റ് സുഖസൗകര്യങ്ങളുമെല്ലാം സ്വന്തമാക്കുകയെന്ന ചിന്തയില്‍ കുട്ടികള്‍ അറിയാതെ വലയില്‍ കുടുങ്ങുന്നു. ലഹരിയും അശ്ലീല വീഡിയോകളുമൊക്കെ യഥേഷ്ടം ലഭ്യമാക്കി കുട്ടികളുടെ സാമാന്യബോധത്തെയും മൂല്യസങ്കല്‍പങ്ങളെയും തകര്‍ക്കുന്നു. ലഹരിയുടെ അനുബന്ധമായി, സൈബര്‍ ലോകത്തെ ഇത്തരം കെണിക‌ളും ഗൗരവത്തോടെ ചര്‍ച ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.

കേരളത്തിലും ഇന്ത്യയിലാകെയും മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ടുകള്‍. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ബോധവത്കരിക്കുന്നതിനൊപ്പംതന്നെ കുറ്റത്തിന്റെ ഗൗരവവും ശിക്ഷയുടെ കാഠിന്യവും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അറിയിക്കേണ്ടതും ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.

നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് അനുസരിച്ച്‌ വിവിധ മയക്കുമരുന്നുകള്‍ കൈവശംവെച്ചാലുള്ള ശിക്ഷ വ്യത്യസ്തമാണ്. അവയുടെ അളവനുസരിച്ച്‌, ഉപയോഗിക്കാന്‍ കൈവശംവെക്കുന്നതിനും വില്‍ക്കാന്‍ കൊണ്ടുവരുന്നതിനും ശിക്ഷയില്‍ മാറ്റമുണ്ട്. ഉദാഹരണത്തിന് ഹെറോയിന്‍ അഞ്ചുഗ്രാം കൈവശംവെച്ചാല്‍ത്തന്നെ പരമാവധി ഒരുവര്‍ഷംവരെ കഠിനതടവു ലഭിക്കും. എന്നാല്‍, 250 ഗ്രാം ഉണ്ടെങ്കില്‍ ചുരുങ്ങിയത് 10 വര്‍ഷംമുതല്‍ 20 വര്‍ഷംവരെ കഠിനതടവും രണ്ടുലക്ഷംവരെ പിഴയും ശിക്ഷ ലഭിക്കും.

സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതും മറ്റ് സംഘടനകളുടെ നേതൃത്വത്തിലുള്ളതുമായ ഒട്ടേറെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും നടന്നുവരുന്നുണ്ട്. ഇത് ഇനിയുമേറെ വിപുലപ്പെടുത്തണമെന്നാണ് അഭിപ്രായം. പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കാര്യക്ഷമതയോടെ യോജിച്ചുനീങ്ങിയാല്‍ വലിയൊരളവില്‍ ലഹരിയിലേക്ക് വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടുന്നത്‌ തടയാനാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Related Articles

Back to top button