IndiaLatestMalappuram

‘കടലും നിലാവും’ ഒന്നായി; അപൂര്‍വ വിവാഹം

“Manju”

മലപ്പുറം: വിവാഹത്തെ കുറിച്ച്‌ ചിന്തിച്ചപ്പോഴൊക്കെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന വീല്‍ചെയര്‍ തന്നെ മഹറായി ലഭിക്കണമെന്നായിരുന്നു ഫാത്വിമ അസ്‌ലയുടെ ആഗ്രഹം. സ്വപ്‌നമായി കടന്നുവന്ന ഫിറോസ് വീല്‍ചെയര്‍ തന്നെ നല്‍കിയാണ് അസ്‌ലയെ ജീവിതത്തിന്റെ ഭാഗമാക്കിയത്. ഒരു പക്ഷെ ലോകത്തിലാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു മഹറെന്നാണ് അസ്‌ല തന്നെ വിശേഷിപ്പിക്കുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളെ മനക്കരുത്തും കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ തോല്‍പിച്ച പെണ്‍കുട്ടിയാണ് ഫാത്വിമ അസ്‌ല. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗം സൃഷ്ടിച്ച പ്രശ്‌നങ്ങളാല്‍ വീല്‍ചെയറിലായിരുന്നു ജീവിതം. അവിടെയൊന്നും തളരാതെ ഡോക്‌ടറാകണമെന്ന തന്റെ സ്വപ്‌നം അസ്‌ല നേടിയെടുത്തു. പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുന്നാസറിന്റെയും അമീനയുടെയും മകളാണ് ഇവര്‍.

ലക്ഷദ്വീപ് സ്വദേശിയും ആര്‍ട് ഡയറക്ടറുമാണ് ഫിറോസ്. ഒരു വാട്സ്‌ആപ് ഗ്രൂപിലൂടെയുള്ള പരിചയം ഇരുവരുടെയും പ്രണയത്തിന് വഴിമാറുകയായിരുന്നു. ആദ്യമാദ്യം അസ്‌ലയ്ക്ക് നടക്കാന്‍ കഴിയില്ലെന്ന് അറിയുമായിരുന്നില്ലെന്ന് ഫിറോസ് പറയുന്നു. ‘പിന്നീട് അങ്ങോട്ട് പാത്തൂന് നടക്കാനാവൂല്ല എന്നറിഞ്ഞപ്പോഴും എന്റെ ഇഷ്ടം കൂടി വരുവായിരുന്നു’ – ഫിറോസ് ഫേസ്ബുകില്‍ കുറിച്ചു.

ഫേസ്ബുകില്‍ 17000 ല്‍ അധികം ഫോളോവേഴ്‌സുള്ള എഴുത്തുകാരി കൂടിയാണ് അസ്‌ല. ‘കടലും നിലാവും’ എന്നാണ് കൂട്ടുകാര്‍ ഇരുവരെയും വിശേഷിപ്പിക്കുന്നത്. അറിയാവുന്നതും അറിയാത്തതുമായ അനവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ കൈമാറി വിവാഹം ആഘോഷമാക്കി മാറ്റി.

Related Articles

Back to top button