IndiaLatest

‘എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി’; ഉറങ്ങാതെ ബാബുവിന്റെ ഉമ്മ

“Manju”

പാലക്കാട്: 43 മണിക്കൂറിലധികമായി മലമ്ബുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്.
മലയിടുക്കില്‍ കുടുങ്ങിയ മകന്‍ സുരക്ഷിതനായി തിരികെ എത്തുന്നതിനായി രണ്ട് ദിവസമായി മലയുടെ പരിസരത്ത് ഉറങ്ങാതെ കാത്തിരിക്കുകയാണ് അമ്മ. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുവിന്റെ
ഉമ്മ പറഞ്ഞു. സന്തോഷമെന്ന് കുടുംബം. എല്ലവരടെയും പ്രാര്‍ഥനയ്ക്ക് നന്ദിയെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ബാബുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കാലില്‍ ചെറിയ മുറിവുണ്ടെന്ന് പറഞ്ഞതായും അവര്‍ പറഞ്ഞു. ഫോണ്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച്‌ ഓഫ് ആയി. പിന്നെ സംസാരിക്കാനായിട്ടില്ലെന്ന് ബന്ധുക്കളും കൂട്ടിച്ചേര്‍ത്തു.
കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്്.
മലമുകളില്‍ തമ്ബടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.
രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
മലയില്‍ കുടുങ്ങിയത് ഇങ്ങനെ
തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്ബാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച്‌ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്.
താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ താഴെയിറക്കാന്‍ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷര്‍ട്ടുയര്‍ത്തി അഭ്യര്‍ഥിച്ചു. പകലിന്റെ ചൂടും രാത്രിയിലെ തണുപ്പും കാരണം യുവാവ് ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതോടെ യുവാവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button