LatestThiruvananthapuram

ഗുരുവാക്ക് ജീവിതാന്ത്യം വരെ സൂക്ഷിക്കാൻ കഴിയണം: ജനനി ആദിത്യ ജ്ഞാനതപസ്വിനി

“Manju”

ശാന്തിഗിരി: ഗുരുവിന്റെ വാക്ക് ജീവിതാന്ത്യം വരെ സൂക്ഷിക്കാൻ ഓരോ സന്ന്യസ്തർക്കും കഴിയണമെന്നും അനുഭവവശത്ത് ഉയർന്നു വരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ജനനി ആദിത്യ ജ്ഞാനതപസ്വിനി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ മൂന്നാം ദിനമായ ഇന്ന് (28/09/2022 ബുധനാഴ്ച ) സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ ബ്രാഞ്ചശ്രമങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ജനനി.

ബ്രാഞ്ചാശ്രമങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ച് സ്വഭാവരീതികള്‍ മാറ്റി ഒരു ആശ്രമം എങ്ങനെ കൊണ്ടുപോകണമെന്ന അറിവ് നേടുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. വിനയത്തോടെ കൂടി എല്ലാവരോടും സംസാരിക്കണം. ഗുരുവിന്റെ ത്യാഗവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഓർത്തുകൊണ്ടാകണം ഓരോ സഭാംഗത്തിന്റെയും പ്രവർത്തനമെന്ന് ജനനി ഓർമ്മിപ്പിച്ചു.

ചെറിയ പ്രായത്തില്‍ ജീവിതത്തില്‍ ഒരു കൃത്യനിഷ്ഠ ഉണ്ടായിരുന്ന ആളാണ് താൻ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് വിളക്കിലെ ദീപത്തില്‍ ഒരു രൂപം കാണുമായിരുന്നു. പിന്നീടാണ് ആ രൂപം ഗുരുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഈ കാഴ്ച കൂടുതല്‍ വ്യക്തമായി കാണുമെന്നും എന്നാൽ ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടമുണ്ടാകുമെന്നും ഗുരു അറിയിച്ചു. പില്‍ക്കാലത്ത് അത് അനുഭവമായി മാറി. കുട്ടിയായിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വല്ലാത്ത നെഞ്ച് വേദന വരുമായിരുന്നു. ഡോക്ടര്‍മാര്‍ നോക്കിയിട്ട് രോഗമൊന്നും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാൽ രോഗത്തിന് ഒട്ടും കുറവുമില്ല. മാതാപിതാക്കളോടായി 41 ദിവസത്തെ പൗര്‍ണ്ണമി വ്രതം നോക്കി പ്രാര്‍ത്ഥിക്കാന്‍ ഗുരു അറിയിച്ചു. ആശ്രമത്തിൽ നിന്നും തീര്‍ത്ഥവും ഗുരു നല്‍കി. പിന്നീട് ഒരിക്കലും ആ നെഞ്ച് വേദന വന്നിട്ടില്ലെന്നും ഗുരുകാരുണ്യം കൊണ്ട് ഇന്നും ജീവിക്കുന്നുവെന്നും ജനനി പറഞ്ഞു.

ശാന്തിഗിരി വിദ്യാഭവനില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഓരോ ക്ലാസ്സിലും ചെല്ലുമ്പോൾ ഒരു കുട്ടിയെങ്കിലും സന്ന്യാസിയോ സന്ന്യാസിനിയോ ആകണമെന്ന് ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ഇന്ന് താൻ പഠിപ്പിച്ച 12 കുട്ടികൾ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളായെന്നും അവരോടൊപ്പം ചേർന്ന് ഗുരുവിന്റെ കർമ്മം ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും ജനനി അഭിപ്രായപ്പെട്ടു.

Related Articles

Back to top button