India

ലോകം അത്ഭുതപ്പെടുന്ന പടിക്കിണർ ; ഗുജറാത്തിലെ റാണി കി വാവ്

“Manju”

ഓരോ കറന്‍സി നോട്ടുകളും അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. ഓരോ കോണിലുമുള്ള സുരക്ഷാ രേഖകൾ മുതൽ അതിലെ ചിത്രങ്ങൾ വരെ നമ്മെ അതിശയിപ്പിക്കും. വർണ്ണ വൈവിധ്യം കൊണ്ടും സുരക്ഷാ മുൻകരുതലുകൾ കൊണ്ടും ചരിത്ര നിർമ്മിതികളുടെ ചിത്രങ്ങളും കൊണ്ടും സമ്പുഷ്ടമായതാണ് ഇന്ത്യൻ കറൻസി. കാലപ്പഴക്കത്തിൽ കാഴ്ചകൾ പലതും വ്യക്തമല്ലെങ്കിലും ചരിത്രം മുഴുവൻ ഭദ്രമായി ഇരിക്കുന്ന കുറച്ചിടങ്ങളാണ് ഇന്ത്യൻ കറൻസിയിൽ ഇടം പിടിച്ചിരിക്കുന്നത്.

അനവധി സ്റ്റെപ് വെൽ അല്ലെങ്കിൽ പടവ് കിണർ ഉള്ള നമ്മുടെ ഇന്ത്യയിൽ ഈ നിർമ്മിതി മാത്രം ഇങ്ങനെ 100 രൂപ നോട്ടിൽ വരാൻ കാരണമെന്തെന്ന് പലരും ചിന്തിച്ചു കാണും. ഷാജഹാൻ തന്റെ പ്രിയതമക്ക് താജ്മഹൽ പണിതത് പോലെ തന്നെ ഭർത്താവിനോടുള്ള സ്നേഹ സ്മാരകമായി ഭാര്യ നിർമ്മിച്ച അത്ഭുത നിർമ്മിതി.

ഗുജറാത്തിലെ പ്രമുഖ രാജവംശമായിരുന്ന സോളങ്കി രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണി പണിത സ്മാരകമാണ് റാണി കി വാവ്. രാജാവിന്റെ സ്മാരകം എന്ന നിലയിൽ 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഇടയില്‍ അത്രയധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ മറ്റെല്ലാ പടവുകിണറുകളിലും വെച്ച് ഏറ്റവും പ്രശസ്തവും ഇന്നും നിലനിലനിൽക്കുന്നതും ഇതുതന്നെയാണ്. റാണി കി വാവ് വെറുമൊരു കിണറല്ല. ഭൂമിയിലേക്ക് ആഴ്‌ത്തി വെച്ചിരിക്കുന്ന കൊട്ടാരമാണ്. 1068 ൽ നിർമ്മാണം പൂര്‍ത്തിയാക്കിയ ഈ നിർമ്മിതി പിന്നീട് പ്രകൃതിയുടെ പല മാറ്റങ്ങൾക്കും വിധേയമായി. പിന്നീട് എപ്പോഴോ സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ പടവ് കിണർ വെള്ളത്തിനടിയിലായി. പിന്നെ ഇതിനെക്കുറിച്ച് വിവിരങ്ങൾ ഒന്നും ഇല്ലായിരുന്നു.

വർഷങ്ങളോളം മണ്ണിനടിയിലായിരുന്ന ഈ ചരിത്രനിർമ്മിതി, 1980 കളുടെ അവസാനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സരസ്വതി നദിയുടെ പഴയ അവശിഷ്ടങ്ങളെ പറ്റി പഠിക്കാൻ , ഖനനം നടത്തുമ്പോഴാണ് കണ്ടെത്തുന്നത്. കുഴിക്കുംതോറും അതിമനോഹരമായ ഈ കിണർ തന്റെ യഥാർത്ഥ രൂപം ഓരോന്നായി പുറത്തെടുത്തുകൊണ്ടിരുന്നു. ഈ നിർമ്മിതിയുടെ അസാധാരണമായ നിർമ്മാണം വിദേശികളായ ആർക്കിയോളജിസ്റ്റുകളെ പോലും അത്ഭുതപ്പെടുത്തി. ആദ്യം ഇത് പഴയ ഏതെങ്കിലുമൊരു ക്ഷേത്രമാണെന്നാണ് കരുതിയിരുന്നത് പിന്നെയാണ് അതൊരു ഭൂഗർഭ ജലശേഖരണമാണെന്ന് മനസിലായത്. നിർമ്മാണ കലയുടെ ഒരു വിസ്മയമായാണ് യുനസ്കോ റാണി കി വാവിനെ കണക്കാക്കുന്നത്. അക്കാലത്തെ സാങ്കേതിക വിദ്യകളുടെ വളർച്ചയെയും ജല ലഭ്യത തീരെ കുറവുള്ള ഒരിടത്ത് ജലസംരക്ഷണത്തിനായി ഒരുക്കിയ മാതൃകകളും മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്.

വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടം അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച ഒന്ന് എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല. എല്ലാത്തിലുമുപരിയായി ഇതൊരു നിർമ്മാണ വിസ്മയമാണ്. ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് റാണി കി വാവ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് ഇത്രയും വളർന്ന വാസ്തു വിദ്യയും കഴിവുകളും നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ് ഈ പടവ് കിണർ. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ വൈദഗ്ധ്യം തന്നെയാണ്.

കാലത്തെ അതിജീവിച്ചു നിൽക്കുന്ന കൊത്തുപണികളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഏഴു നിലകളിലായുള്ള ഇതിൻരെ ചുവരുകളിൽ നിറയെ പുരാണ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും കൊത്തിയിരിക്കുന്നത് കാണാം. 500 വലിയ ശില്പങ്ങളും ആയിരത്തോളം ചെറുശില്പങ്ങളും കൊണ്ട് സമ്പുഷ്ടമാണ് റാണി കിം വാവ്. ജലസംഭരണിയോടുചേർന്ന് വിഷ്ണുവിന്റെ അനന്യമായ ശില്പം കാണാം. ആയിരം ഫണങ്ങളുള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്നു. വൈഷ്ണവാവതാരങ്ങൾ തന്നെയാണ് റാണി കി വാവിലെ ശില്പപരമ്പരയുടെ പ്രധാന പ്രതിപാദ്യം.

ഈ മഹത് നിർമ്മിതിക്ക് ഏകദേശം 64മീറ്റർ നീളവും, 20 മീറ്റർ വീതിയും, 27 മീറ്ററോളം ആഴവുമുണ്ട്. വെറും വെള്ളം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും മാറി മറ്റനേകം ലക്ഷ്യങ്ങളും ഇതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതിന്റെ തെളിവാണ് പടവ് കിണറിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നും തുറക്കുന്ന ഒരു തുരങ്കം. പത്താനടുത്തുള്ള സിദ്ധപൂരിലേക്കാണ് ഈ തുരങ്കം തുറക്കുന്നത്.

ഏതാണ് മുപ്പത് കിലോമീറ്ററോളം നീളം നീളം ഇതിനുണ്ടത്രെ. യുദ്ധ സമയത്തും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഒക്കെ രക്ഷപ്പെടാൻ ഉപയോഗിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. നൂറ്റാണ്ടുകളെ അതിജീവിച്ചു നിൽക്കുന്ന ഒരു നിർമ്മിതിയാണല്ലോ റാണി കി വാവ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്. പിന്നീട് 201 6 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു….

https://youtu.be/chbVbcCvOqY

Related Articles

Back to top button