KeralaLatest

കോവിഡ് പരിശോധനാ മാനദണ്ഡം കൃത്യമായി പാലിക്കണം

“Manju”

കൊല്ലം: ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സ്വാബ് പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു. പരിശോധിക്കുന്ന 75 ശതമാനം സാമ്പിളുകളും ആര്‍ ടി പി സി ആര്‍ ആവണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും, കണ്ടയിന്‍മെന്റ് സോണില്‍ നിന്നുള്ള സമ്ബര്‍ക്കപ്പട്ടികയില്‍ വരുന്നവരും, മറ്റ് പ്രദേശങ്ങളിലെ രോഗലക്ഷമുള്ള സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍, വിദേശ, സ്വദേശ യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആന്റിജന്‍ പരിശോധന. രോഗം സ്ഥിരീകരിച്ചവരില്‍ പത്താം ദിവസവും രോഗം ഭേദമായി മൂന്നു മാസത്തിനകം വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വന്നാലും ആന്റിജന്‍ പരിശോധനയായിരിക്കും നടത്തുകയെന്നും ഡി എം ഒ അറിയിച്ചു.

രോഗലക്ഷണമുള്ള വിദേശ, സ്വദേശ യാത്രക്കാര്‍ക്ക് അന്റിജന്‍ നെഗറ്റീവായാല്‍ നിര്‍ബന്ധമായും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. സാധാരണ സമ്ബര്‍ക്ക പട്ടികയില്‍ വരുന്ന എല്ലാവരും രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരും ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തേണ്ടത്. അടിയന്തര ശസ്ത്രക്രിയയ്ക്കും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും വിധേയരാകുന്നവര്‍ക്ക് ട്രൂനാറ്റ് പരിശോധന നടത്തും. വസ്തുതകള്‍ മനസിലാക്കി പൊതുജനങ്ങള്‍ പരിശോധനയ്ക്ക് തയ്യായാകണമെന്നും സ്വന്തം താത്പര്യപ്രകാരം ആന്റിജന്‍ പരിശോധന വേണമെന്ന് വാശിപിടിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ഡി എം ഒ അറിയിച്ചു.

ഐ സി എം ആര്‍ അംഗീകാരമുള്ള ലാബില്‍ പരിശോധിച്ച്‌ രോഗം സ്ഥിരീകരിച്ചവര്‍ വീണ്ടും മറ്റൊരു ലാബില്‍ സ്വയം പരിശോധിച്ച്‌ നെഗറ്റീവായി പ്രഖ്യാപിക്കുന്ന പ്രവണത അപൂര്‍വമായി കാണുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ലാബുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ സീറോജിക്കല്‍ സര്‍വേ പുരോഗമിച്ചുവരുന്നതായും ആയിരത്തിലധികം സാമ്പിളുകള്‍ ശേഖരച്ച്‌ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

Related Articles

Back to top button