IndiaLatest

ഡല്‍ഹി തീപിടിത്തം; 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

“Manju”

ഡല്‍ഹി മുണ്ട്കയിലെ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ലൈസന്‍സിംഗ് ഇന്‍സ്‌പെക്ടര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയ കാര്യങ്ങളില്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നാണ് നിഗമനം. നോര്‍ത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പ്തല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

തീപിടിത്തത്തില്‍ മരണപ്പെട്ടവരില്‍ ഏഴുപേരും മുണ്ട്കാ സ്വദേശികളാണെന്നാണ് പൊലീസ് പറഞ്ഞു. ധരിച്ചിരുന്ന വാച്ചും ചെരിപ്പുമെല്ലാം നോക്കിയാണ് ബന്ധുക്കള്‍ ഇവരെ തിരിച്ചറിഞ്ഞത്. പൂര്‍ണമായും കത്തിക്കരിഞ്ഞവരെ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 29 പേരെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മരിച്ചവരില്‍ കൂടുതലും കെട്ടിടത്തിന് മുകളില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ്. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. കച്ചവടാവശ്യത്തിനുള്ള സാധനങ്ങള്‍ കോണിപ്പടികളില്‍ നിറച്ചുവെച്ചിരുന്നതുകൊണ്ട് പലര്‍ക്കും ആ വഴിയിലൂടെ താഴേക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാതെ മുകള്‍ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയിരുന്നു.

 

Related Articles

Back to top button