Kerala

തെരുവ് നായയെ വിഴുങ്ങി പെരുമ്പാമ്പ് റോഡരികിൽ 

“Manju”

തിരുവനന്തപുരം: കിളിമാനൂരിൽ റോഡരികിൽ മയങ്ങിയ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനപാലകർക്ക് നൽകി. തെരുവ് നായയെ വിഴുങ്ങിയതിനെ തുടർന്നാണ് പെരുമ്പാമ്പ് റോഡരികിൽ മയങ്ങിപ്പോയത്. സമീപ ദിവസങ്ങളിൽ കിളിമാനൂരിൽ നിന്നും പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിത്. തുടർച്ചയായി പെരുമ്പാമ്പിനെ പിടികൂടുന്നതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ.

പത്തടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്. അടയമൺ വയ്യാറ്റിൻകരപാലത്തിന് സമീപമാണ് മങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് വനപാലകരെ ഏൽപ്പിക്കുകയായിരുന്നു. എന്തോ വിഴുങ്ങിയ ശേഷം മയങ്ങിയതാണെന്ന് വനപാലകരെത്തിയ ശേഷമാണ് മനസിലായത്. പിന്നാലെ വിഴുങ്ങിയ സാധനത്തെ പുറത്തെടുത്തപ്പോഴാണ് തെരുവ് നായയാണെന്ന് കണ്ടെത്തിയത്.

സെപ്തംബർ അവസാനം തൃശൂരിൽ നിന്നും സമാനമായ രീതിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് കിഴക്ക് ഇയ്യാനി രാജന്റെ വീട്ടുവളപ്പിലാണ് നായയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.

Related Articles

Back to top button