KeralaLatest

എല്ലാവര്‍ക്കും വാതില്‍പ്പടി സേവനം ഉറപ്പാക്കും; മന്ത്രി വാസവന്‍

“Manju”

കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തിക്കും വാതില്‍പ്പടി സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പുറത്തിറക്കുന്ന സമഗ്ര പൗരാവകാശ രേഖ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇ സേവന സംവിധാനങ്ങള്‍ മുഖേന ആളുകള്‍ക്ക് വീട്ടിലിരുന്ന് അപേക്ഷകള്‍ നല്‍കാന്‍ അവസരമുണ്ട്. സമയബന്ധിതമായി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രധാനം. സര്‍ക്കാര്‍ സേവനങ്ങള്‍ എങ്ങനെ ലഭിക്കുമെന്നറിയാത്ത ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പൗരാവകാശ രേഖ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഇത് എത്തിക്കാനുള്ള നടപടി അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

പൗരാവകാശരേഖ ഹരിത കര്‍മ്മ സേന മുഖേന ഉടന്‍ എല്ലാ വീടുകളിലും എത്തിക്കും. പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ഉള്‍പ്പെടുത്തും. 136 പേജുള്ള പുസ്തകത്തില്‍ 70 സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം എല്‍.എ. അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലി, വൈസ് പ്രസിഡന്റ് ഷേര്‍ളി ബെന്നി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button