KeralaLatestThiruvananthapuram

നെയ്യാറ്റിന്‍കരയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

“Manju”

നെയ്യാറ്റിന്‍കര: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാറ്റിന്‍കരയിലേയും സമീപ പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി. നെയ്യാറിന്റെ പല ഭാഗങ്ങളിലും കരയ്ക്കൊപ്പമാണ് ജലനിരപ്പ്. കനാലുകളും തോടുകളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

നഗരസഭാ പരിധിയിലെ കണ്ണംകുഴി, രാമേശ്വരം, ഇരുമ്പില്‍, ചായ്ക്കോട്ടുകോണം, മരുതത്തൂര്‍, പനയറത്തല ഏലാകളില്‍ വന്‍ കൃഷിനാശമുണ്ടായി. വാഴ, പച്ചക്കറി, മരച്ചീനി എന്നിവ കൃഷിചെയ്യുന്ന സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ആറാലുംമൂട് എസ്.എന്‍.ഡി.പി യോഗം ഓഫീസിന് സമീപത്തെ വീടിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര മരംവീണ് തകര്‍ന്നു. മൂന്നുകല്ലിന്‍മൂട് റോഡിന് സമീപം മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഒരു വീടിന്റെ കോണ്‍ക്രീറ്റ് കാര്‍പോര്‍ച്ച്‌ ഒരുവശം ചരിഞ്ഞു. ആനാവൂരില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് നെയ്യാറ്രിന്‍കര തഹസില്‍ദാരുടെ നേതൃത്വത്തില്‍ വീട്ടിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്താന്‍ സാദ്ധ്യതയുളളതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍‌ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button