India

മെഡിക്കൽ സംഘത്തെ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീ

“Manju”

ജയ്പൂർ: കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് വാക്‌സിനേഷൻ. എന്നാൽ പല ആളുകളും ഇപ്പോഴും പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. ഈ സാഹചര്യത്തിൽ വീടുകളിൽ നേരിട്ടെത്തി ആളുകൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ച മെഡിക്കൽ സംഘത്തിന് ലഭിച്ചതാകട്ടേ എട്ടിന്റെ പണിയും. വാക്‌സിനേഷനായി വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരെ ഒരു സ്ത്രീ പാമ്പിനെ കാണിച്ച് ഭയപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.

കഴിഞ്ഞ ദിവസം അജ്മീർ ജില്ലയിലെ പിസംഗൻ പ്രദേശത്തുള്ള നാഗോലാവ് ഗ്രാമത്തിലാണ് മെഡിക്കൽ സംഘം വീടുതോറും ചെന്ന് കുത്തിവെയ്പ്പ് നൽകിയത്. ഇതിന്റെ ഭാഗമായി പ്രദേശവാസിയായ കംലാ ദേവിയുടെ വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരെ സ്ത്രീ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വാക്‌സിൻ സ്വീകരിക്കില്ല എന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്നാണ് കംലാ ദേവി മെഡിക്കൽ സംഘത്തോട് പറഞ്ഞത്.

കുത്തിവെയ്പ്പ് എടുക്കാനായി സ്ത്രീയെ വിളിച്ചപ്പോൾ വീടിനകത്തു നിന്ന് പാമ്പുമായി വന്ന് കംലാ ദേവി മെഡിക്കൽ സംഘത്തെ വിരട്ടി. തന്നെ കുത്തിവെച്ചാൽ പാമ്പിനെ ദേഹത്തെറിയും എന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയും ചെയ്തു. വാക്‌സിൻ സ്വീകരിക്കില്ലെന്നും അതിനു ശ്രമിക്കരുതെന്നും കംലാ ദേവീ ആരോഗ്യപ്രവർത്തകർക്ക് താക്കീത് നൽകി.

അതിനിടെ ഒരു ആരോഗ്യപ്രവർത്തക വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീയോട് പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കംലാ ദേവി പ്രവർത്തകരോട് പറഞ്ഞു. ഭീഷണികൾക്കൊടുവിൽ നാട്ടുകാർ ഇടപെട്ട് സ്ത്രീ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Related Articles

Back to top button