International

ആഡംബര റിസോർട്ട് അല്ല, ജയിലാണ്: ആരും കുറ്റം ചെയ്തു പോകും

“Manju”

നൂൽ മഴ കണ്ട്… മഞ്ഞ് പൊതിയുന്നതാസ്വദിച്ച് കുന്നിനുമുകളിലുള്ളൊരു റിസോർട്ടിൽ താമസം.. ഇത്തരത്തിൽ ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്ക് എന്ന പ്രദേശത്ത് മഞ്ഞിൽ പൊതിഞ്ഞ മലകളുടെ കാഴ്ച ആസ്വദിച്ച് ജീവിക്കാനാവുന്ന ഒരിടമുണ്ട്. മനോഹരമായ ഒരു ഹിൽ റിസോർട്ടിന് സമാനമായ ഈ സ്ഥലത്ത് ജീവിക്കണമെങ്കിൽ പക്ഷേ കാര്യമായ എന്തെങ്കിലും കുറ്റകൃത്യം ചെയ്യേണ്ടിവരും. ആശ്ചര്യപ്പെടേണ്ട… കാരണം ഇത് യഥാർത്ഥത്തിൽ ഒരു ജയിലാണ്.

ഇത്തരത്തിൽ സൗകര്യമുള്ള ജയിലിലോ.. എന്ന് അത്ഭുതപ്പെടേണ്ട കാര്യമില്ല… സംഗതി ശരിക്കുമുള്ളതാണ്. ജയിലുകളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് അൻസ്റ്റാൾട്ടൻ എന്ന് പേരുള്ള ജയിൽ നിർമ്മിച്ചിരിക്കുന്നത്. കുന്നിനുമുകളിൽ നിർമ്മിച്ചെടുത്ത ഒരു ചെറിയ ഗ്രാമം എന്നുമാത്രമേ ജയിൽ കണ്ടാൽ തോന്നുകയുള്ളൂ. അക്ഷരാർത്ഥത്തിൽ ഒരു ആഡംബര റിസോർട്ടെന്ന് തോന്നിപ്പിക്കുന്ന ജയിൽ.

2019 മുതലാണ് ഈ ജയിൽ തുറന്ന് പ്രവർത്തനം തുടങ്ങിയത്. ഗ്രീൻലാൻഡിലെ ആദ്യത്തെ ജയിൽ കൂടിയാണ് ഇത്. മുൻകാലങ്ങളിൽ ഗ്രീൻലാൻഡിൽ ഗൗരവമേറിയ കുറ്റങ്ങൾ ചെയ്യുന്നവരെ 4000 കിലോമീറ്റർ അകലെയുള്ള ഡെൻമാർക്കിലെ ജയിലിലേക്കാണ് അയച്ചിരുന്നത്. ഇവിടെ ജയിൽ തുറന്നതിന് ശേഷം ഇപ്പോൾ മറ്റ് ജയിലുകളിലേക്ക് ആളുകളെ കൊണ്ടുപോകാറില്ല.

86000 ചതുരശ്രയടിയാണ് ജയിലിന്റെ ആകെ വിസ്തീർണ്ണം. 130 ചതുരശ്രയടി വിസ്തീർണ്ണമുള്ള 76 സെല്ലുകളാണ് ഇവിടെയുള്ളത്. ഇവയിൽ 40 എണ്ണം അടച്ചിടുന്ന മുറികളാണ്. അപകടകാരികളായ കുറ്റവാളികളെയാണ് ഇതിൽ പാർപ്പിക്കുക. എന്നാൽ ശേഷിക്കുന്ന 36 സെല്ലുകൾ തുറന്ന മാതൃകയിൽ നിർമ്മിച്ചവയാണ്. ഇവയ്‌ക്ക് കമ്പിയഴികളില്ല. പകരം ചുറ്റുമുള്ള മനോഹരമായ പുറംകാഴ്‌ച്ചകൾ ആസ്വദിക്കാൻ തക്കവിധത്തിൽ വലിയ ഗ്ലാസ് ജനാലകളാണ് നൽകിയിരിക്കുന്നത്.

കുറഞ്ഞ കുറ്റം ചെയ്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഈ ജയിലിലുണ്ട്. ഇവർക്ക് നഗരത്തിൽ പോയി ജോലി ചെയ്യാം. പക്ഷേ വൈകുന്നേരമാകുമ്പോൾ കൃത്യമായി സെല്ലുകളിലേക്ക് തന്നെ തിരിച്ചെത്തണം എന്നുമാത്രം. കുറ്റവാളികൾ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കുന്നതിനായാണ് സാധാരണ ജീവിതവുമായി ചേർന്നുപോകുന്ന തരത്തിൽ ജയിൽ ഒരുക്കിയിരിക്കുന്നത്.

ജയിലിലെ അന്തേവാസികൾക്ക് പരസ്പരം ഇടപഴകി ജീവിക്കാനാവുന്ന വിധത്തിൽ ധാരാളം കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌പോർട്‌സ് സെന്റർ, ഹെൽത്ത് സെന്റർ, ലൈബ്രറി എന്തിനേറെ ഒരു പള്ളി വരെ ജയിൽപുള്ളികൾക്കായി നിർമ്മിച്ചിരിക്കുന്നു. ജയിലിനുള്ളിലെ പൊതു ഇടങ്ങളിലെല്ലാം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.

ജയിലിന് ചുറ്റുമായി അഞ്ച് മീറ്റർ ഉയരമുള്ള മതിൽ കൊണ്ടാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഗ്രീൻലാൻഡിലെ പ്രശസ്ത ചിത്രകാരനായ അക ഹോഗ് വരച്ച മൃഗങ്ങളുടെ ചിത്രങ്ങൾ കൊണ്ടാണ് ഈ സംരക്ഷണ മതിൽ അലങ്കരിച്ചിരിക്കുന്നത്. ഇവിടുത്തെ ഉദ്യോഗസ്ഥർ തോക്കും മറ്റ് ആയുധങ്ങളുമായി ജയിലിൽ ചുറ്റി നടക്കാറുമില്ല. ജയിലിലെ അന്തേവാസികളുമായി മികച്ച ബന്ധമാണ് ഇവിടെയുള്ള ഗാർഡുകൾക്കും. തടവിലാക്കപ്പെടുന്ന കുറ്റവാളികളെ നല്ലമനുഷ്യരായി പുറത്തിറക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ജയിൽ…..

Related Articles

Back to top button