KannurKeralaLatest

സ്കൂബ വാഹനങ്ങളില്ലാതെ ഫയർഫോഴ്സ്; ഉപകരണങ്ങൾ എത്തിക്കാൻ പെടാപ്പാട്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പയ്യന്നൂർ: ജീവൻ രക്ഷാ പ്രവർത്തനത്തിന് പയ്യന്നൂർ അഗ്നിരക്ഷാ സേനയുടെ മുന്നിൽ ഉപകരണങ്ങൾ ഏറെ ഉണ്ടെങ്കിലും അവയൊന്നും കൊണ്ടുപോകാനുള്ള സ്കൂബ വാഹനം ഇല്ല. ഇതുമൂലം ഫയർ എൻജിനുകളിൽ ഇവ കുത്തി നിറച്ച് കൊണ്ടു പോകേണ്ട അവസ്ഥയാണ്. പുഴയിലും മറ്റം മുങ്ങാനും തിരച്ചിൽ നടത്താനുമൊക്കെയുള്ള ആധുനിക ഉപകരണങ്ങളും അവ ഉപയോഗിക്കാൻ അറിയാവുന്ന ശാസ്ത്രീയ പരിശീലനം ലഭിച്ച ജീവനക്കാരും ഉണ്ട്.

എന്നാൽ അത്തരം അപകടങ്ങൾ നടക്കുമ്പോൾ തീ അണയ്ക്കേണ്ട ഫയർ എൻജിനിൽ സാധനങ്ങൾ വാരിവലിച്ചു കെട്ടി കുതിച്ചു പായേണ്ട അവസ്ഥയാണ്. കെട്ടിയ കയർ ഒന്ന് അയഞ്ഞാൽ അവയെല്ലാം വഴിയിൽ നഷ്ടപ്പെടും. എൻജിന് സാധനങ്ങൾ സൂക്ഷിക്കാനുള്ള അറകൾ ഉണ്ടെങ്കിലും അതെല്ലാം തീ അണയ്ക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കുന്നവയാണ്. പുഴയിൽ തിരച്ചിൽ നടത്താൻ ഉപയോഗിക്കുന്ന ഡിങ്കി ഉയരമുള്ള ഫയർ എൻജിന് മുകളിൽ കയറ്റി വച്ചാണ് കൊണ്ടു പോകാറുള്ളത്.

ഇത് എൻജിനു മുകളിൽ കയറ്റാനും ഇറക്കാനും ഏറെ കഷ്ടപ്പെടണം. വെള്ളത്തിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തേണ്ട ഉപകരണങ്ങൾ കൊണ്ടു പോകുന്ന സ്കൂബ വെഹിക്കിൾ പയ്യന്നൂർ സേനയ്ക്ക് അനുവദിച്ചു കിട്ടാൻ നടത്തിയ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. കാലവർഷം അടുത്തെത്തിയ സാഹചര്യത്തിൽ സ്കൂബ വെഹിക്കിൾ അനുവദിക്കണം എന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.

 

Related Articles

Back to top button