India

കശ്മീരിൽ ഭീകരരെ നേരിടാൻ വനിതാ കമാൻഡോകൾ ഇറങ്ങി

“Manju”

ശ്രീനഗർ; കശ്മീരിൽ തുടർച്ചയായി ഭീഷണി ഉയർത്തുന്ന ഭീകരരെ നേരിടാൻ ഇന്ത്യൻ സൈന്യത്തിലെ പെൺപുലികളും. ശ്രീനഗറിലെ ലാൽചൗക്കിൽ സുരക്ഷാ പരിശോധനയ്‌ക്കായിട്ടാണ് സിആർപിഎഫ് വനിതാ കമാൻഡോകളെ രംഗത്തിറക്കിയത്. ഇവിടെയെത്തുന്ന സ്ത്രീകളുടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു പ്രധാന ദൗത്യം.

കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുളള ഭീകരാക്രമണങ്ങൾ വർദ്ധിച്ചത് കണക്കിലെടുത്താണ് സ്ത്രീകളെ ഉൾപ്പെടെ പരിശോധനയ്‌ക്ക് വിധേയരാക്കാൻ സുരക്ഷാ സേന തീരുമാനിച്ചത്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗുകളും മറ്റുമാണ് പ്രധാനമായും പരിശോധിച്ചത്. സംശയം തോന്നുന്നവരെ മുഖാവരണം മാറ്റിയും പരിശോധനയ്‌ക്ക് വിധേയരാക്കി.

ഈ മാസം ഇതുവരെ 11 സാധാരണക്കാരാണ് കശ്മീരിൽ കൊലചെയ്യപ്പെട്ടത്. രണ്ടു ദിവസം മുൻപ് കുൽഗാമിലെ വാൻപോയിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു. അതിന് തൊട്ടുമുൻപ് യുപിയിൽ നിന്നുളള ഗോൽഗപ്പ വിൽപനക്കാരനും കാർപെന്ററും ഭീകരരുടെ തോക്കിന് ഇരയായിരുന്നു. ഈ സാഹചര്യത്തിലാണ് നബിദിനത്തിന്റെ ആഘോഷം കൂടി കണക്കിലെടുത്ത് സുരക്ഷാ പരിശോധന ശക്തമാക്കിയത്.

അന്യസംസ്ഥാനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണങ്ങൾ ഇനിയും ഉണ്ടാകുമെന്ന തരത്തിലുളള ഭീഷണികൾ തീവ്രവാദ സംഘങ്ങളിൽ നിന്ന് സുരക്ഷാ സേനയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതും സുരക്ഷ വർദ്ധിപ്പിക്കാൻ കാരണമായി. സ്ത്രീ പ്രാതിനിധ്യം സേനകളിൽ ഉയർത്തിക്കൊണ്ടുവരാനുളള നീക്കങ്ങൾ സജീവമായി നടക്കുന്നതിനിടെയാണ് കശ്മീർ പോലുളള സ്ഥലത്ത് സുരക്ഷാ ഡ്യൂട്ടിക്കായി സ്ത്രീകളെ വിന്യസിച്ചത്. സേനയ്‌ക്കുളളിലെ വനിതാ ഓഫീസർമാരുടെ ആത്മവിശ്വാസം ഉയർത്തുകയെന്ന ദൗത്യം കൂടി സിആർപിഎഫിന്റെ നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നു.

കശ്മീരിൽ സാധാരണയായി സ്ത്രീകളെ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയരാക്കാറില്ലായിരുന്നു. പരസ്യമായ പരിശോധനകൾക്ക് ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. എന്നാൽ ഇവരെ സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തിയായിരുന്നു പരിശോധനകൾ തുടർന്നത്.

Related Articles

Back to top button