IndiaLatest

‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍’ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 100 ലക്ഷം കോടിയുടെ ‘പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍’ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോദി ഒക്ടോബര്‍ 13ന് ആണ് പ്രധാനമന്ത്രി ഗതിശക്തി പ്രഖ്യാപിച്ചത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനും മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി വിപുലമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

100 ലക്ഷം കോടി രൂപയുടെ ഗതി ശക്തി പദ്ധതി ഇന്‍ഫ്രാ കണക്ടിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണത്തിനും ഏകോപിതമായ നടപ്പാക്കലിനുമായി 16 കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിലവിലുള്ളതും ആസൂത്രിതവുമായ എല്ലാ അടിസ്ഥാന സൗകര്യ സംരംഭങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്രീകൃത പോര്‍ട്ടല്‍ വിഭാവനം ചെയ്യുന്നു.

75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് 15ന് ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സങ്ങള്‍ അവസാനിപ്പിക്കാനും വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ കാലതാമസം ഒഴിവാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 16 നിര്‍ണായക മന്ത്രാലയങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമാകും. റെയില്‍വേ, റോഡുകള്‍, ഹൈവേകള്‍, പെട്രോളിയം ,ഗ്യാസ്, ടെലികോം, വൈദ്യുതി, കപ്പല്‍, വ്യോമയാനം എന്നീ മേഖലകള്‍ ഗതിശക്തിയുടെ പരിധിയില്‍ കൊണ്ടുവരും.

Related Articles

Back to top button