LatestUncategorized

സീയന അന്താരാഷ്ട്ര ഫോടോഗ്രാഫി പുരസ്‌കാരം നേടിയ ചിത്രം

“Manju”

അങ്കാര: ബോംബ് സ്‌ഫോടനത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട പിതാവ്, ജന്മനാ കൈകാലുകളില്ലാത്ത കുഞ്ഞ്, സീയന അന്താരാഷ്ട്ര ഫോടോഗ്രാഫി മത്സരത്തില്‍ പുരസ്‌കാരം നേടി തുര്‍കി ഫോടോഗ്രാഫര്‍ മെഹ് മെറ്റ് അസ്ലന്‍ പകര്‍ത്തിയ കണ്ണിനെ ഈറനണിയിക്കുന്ന ചിത്രം.

വിധി കര്‍ത്താക്കളെ പോലും ഈ ചിത്രം ആകെ ഉലച്ചുകളഞ്ഞു. ഒരു കാല് മാത്രമുള്ള മനുഷ്യന്‍, ഇല്ലാത്ത കാലിന്റെ സ്ഥാനത്ത് ഊന്നുവടി കുത്തി എണീറ്റുനിന്ന്, കൈകളും കാലുകളുമില്ലാത്ത ഒരു കുഞ്ഞിനെ ഇരുകൈകളിലും ആകാശത്തേയ്ക്കുയര്‍ത്തി ആഹ്ലാദം പങ്കിടുന്നതാണ് ചിത്രം.
സിറിയക്കാരായ മുന്‍സീര്‍ എന്ന അച്ഛന്റെയും മുസ്തഫ എന്ന മകന്റെയും ആഹ്ലാദനിമിഷമാണ് ചിത്രകാരന്‍ ഒപ്പിയെടുത്തതെങ്കിലും അത് കാണുന്നവരില്‍ സന്തോഷമല്ല, മറിച്ച് ദു:ഖകരമായ ഒരു കാഴ്ചയാണ്.

സിറിയ അടക്കം ലോകത്തിലെ നിരവധി രാജ്യങ്ങള്‍ ഇന്നു നേരിടുന്ന ഭീകരവാദത്തിന്റെയും അവസാനിക്കാത്ത അരക്ഷിതാവസ്ഥകളുടെയും ദയനീയതയും ഭീതിയും ഒപ്പിയെടുത്ത ഫോടോഗ്രാഫറുടെ കരവിരുതാണിത്.

സിറിയയിലെ ഇദ്ലിബ് നഗരത്തില്‍ വെച്ച് ബോംബ് സ്ഫോടനത്തിലാണ് മുന്‍സീറിന്റെ വലത് കാല് നഷ്ടപ്പെട്ടത്. മകന്‍ മുസ്തഫയ്ക്കാകട്ടെ ജന്മനാ ഇരു കാലുകളും കൈകളുമില്ല. സിറിയയിലെ ആഭ്യന്തര കലാപങ്ങള്‍ക്കിടെ നടന്ന വിഷവാതക ആക്രമണത്തിന് ഇരയാണ് മുസ്തഫയുടെ അമ്മ സെയ്ന. ആക്രമണത്തിന്റെ ഫലമായുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ മാറാന്‍ കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലമായാണ് മുസ്തഫയുടെ അംഗവൈകല്യം. പിന്നീട് ഈ കുടുംബം അഭയാര്‍ഥികളായി സിറിയയില്‍ നിന്ന് തുര്‍കിയിലെത്തി.

സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍കി പ്രവിശ്യയായ ഹാതിയിലെ റെയ്ഹാന്‍ലിയില്‍ നിന്നാണ് തുര്‍കി ഫോടോഗ്രാഫര്‍ മെഹ് മെറ്റ്

അസ്ലന്‍ ഈ ഫോടോ പകര്‍ത്തിയത്. ‘ജീവിത ക്ലേശം’ (ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്) എന്നാണ് ഈ ചിത്രത്തിന് അദ്ദേഹം പേരിട്ടത്. ‘അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുദീര്‍ഘവും ദുഷ്‌കരവുമായ അനുഭവങ്ങളുടെ വേദനയാണ് ചിത്രം പകരുന്നതെ’ന്ന് പുരസ്‌കാര നിര്‍ണയ സമിതിയിലെ അംഗങ്ങളിലൊരാളായ കടവോക ഹിഡ്കോ നിരീക്ഷിക്കുന്നു. ഫോടോയില്‍ നാം കാണുന്ന അവരുടെ സന്തോഷം എത്രയേറെ അനിശ്ചിതത്വം നിറഞ്ഞതാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധം സിറിയന്‍ ജനതയെ തീരാ ദുരിതങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സ്വന്തം നാട് വിട്ട് പാലായനം ചെയ്യുകയാണ്. സിറിയയില്‍ നിന്നുള്ള 56 ലക്ഷത്തോളം ജനങ്ങള്‍ ഇതിനോടകം തന്നെ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അഭയാര്‍ഥികളായെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍പെടാത്ത ലക്ഷങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം തുടരുകയോ പാതിവഴിയില്‍ ജീവിതം തന്നെ അവസാനിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു.

Related Articles

Back to top button