InternationalLatest

ട്വന്റി20 ലോകകപ്പ് ;ടിക്കറ്റില്ലാതെ ഇടിച്ചുകയറി ആരാധകർ

“Manju”

ദുബായ് ;ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ, ടിക്കറ്റില്ലാതെ
എത്തിയ ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറാന‍് ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാത്രി ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാനാണ് ടിക്കറ്റില്ലാതെ എത്തിയ ആരാധകർ ഇടിച്ചുകയറിയത്. തുടർന്ന് കൂടുതൽ പൊലീസിനേയും സുരക്ഷാ ഉദ്യോഗസ്ഥരെയും രംഗത്തിറക്കിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കാതെ പോയ ആരാധകരോട് ഐസിസി ക്ഷമ ചോദിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്. ദുബായ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ മത്സരത്തിനായി 16,000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്കു വച്ചിരുന്നത്. എന്നാൽ, മത്സരത്തിനു മുന്നോടിയായി ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകരാണ് ദുബായ് സ്റ്റേഡിയത്തിനു മുന്നിലെത്തിയത്. തുടർന്ന് ഇവർ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ടിക്കറ്റെടുത്ത് നിയമാനുസ‌ൃതം സ്റ്റേഡിയത്തിനകത്തു പ്രവേശിച്ച ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിയിരുന്നു. രംഗം വഷളായതോടെ കൂടുതൽ പൊലീസിനെ എത്തിച്ചാണ് പ്രശ്നം പ‌രിഹരിച്ചത്. ഇതിനിടെ രാത്രി ഏഴു മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടയ്ക്കുകയാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്റ്റേഡിയത്തിലെത്തിയ ആരേയും അകത്തേക്കു കയറ്റിയില്ല.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിശദമായ അന്വേഷണം നടത്താനാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിന് അധികാരികളുമായി സഹകരിച്ച് എന്തൊക്കെ നടപടികൾ കൈക്കൊള്ളണമെന്ന് കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്നും കര്‍ശന നിർദ്ദേശമുണ്ട്. 2019ലെ ഏകദിന ലോകകപ്പിലും ഇരു ടീമുകളുടെയും ആരാധകർ ഇംഗ്ലണ്ടിലെ ലീഡ്സിലും സമാനമായ പ്രശ്ന സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button